ഇടുക്കി: ജില്ലയിലെ വിവിധ ഉന്നതികളിലെ വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.. പറേമാവ് കൊലുമ്പൻ കോളനിയിൽ അംബേദ്കർ നഗർ വികസനപദ്ധതിയുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കോടി രൂപയുടെ പദ്ധതികളാണ് ഉന്നതിയിൽ നടപ്പാക്കുന്നത്. 11 ഉന്നതികളിലെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. അടിസ്ഥാനസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ മുൻ നിരയിലേക്ക് ഇവരെ എത്തിക്കാനുമാണ് സർക്കാർ പ്രത്യേക പ്രാധാന്യം നൽകി അംബേദ്കർ നഗർ വികസനപദ്ധതി നടപ്പിലാക്കുന്നത്. യോഗത്തിൽ വാഴത്തോപ്പ് പഞ്ചായത്ത് അംഗം നൗഷാദ് ടി.ഇ. അദ്ധ്യക്ഷത വഹിച്ചു. ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ അനിൽ കുമാർ പദ്ധതി വിശദീകരണം നടത്തി. സാംസ്‌കാരിക നിലയം, കളിസ്ഥലം, ക്ലബ്, കമ്മ്യൂണിറ്റി ഹാളിനോട് അനുബന്ധിച്ച് ടോയ്ലറ്റ്, വീടുകൾക്ക് സംരക്ഷണഭിത്തി, നടപ്പാത നിർമാണം, തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചൻ, നിമ്മി ജയൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആനിയമ്മ ഫ്രാൻസിസ്, നിർമിതി കേന്ദ്ര പ്രൊജ്ര്രക് ഓഫീസർ സജി ജോസഫ്, ഊരു മൂപ്പൻ ടി.വി. രാജപ്പൻ, തുടങ്ങിയവർ പങ്കെടുത്തു.