
കാഞ്ഞാർ: കാഞ്ഞാർ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വിവിധ കാരണങ്ങളുന്നയിച്ച് നിർമ്മാണോദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിച്ചു. കാഞ്ഞാർ പാലത്തിന് ബലക്ഷയമെന്ന പേരിൽ, 3.62 കോടിരൂപയ്ക്ക് ഇരുവശത്തും നടപ്പാലം പണിയുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനമെന്നും എന്നാൽ ഇതേ തുകയ്ക്ക് രണ്ട് വശത്തും ഫുട്പാത്തോടു കൂടി വീതികൂട്ടി പുതിയ പാലം പണിയാൻ കഴിയുമായിരുന്നെന്നുമാണ് യു.ഡി.എഫ് വാദം. തൊടുപുഴ പാലത്തിന് സമാന്തരമായി പൊതുമേഖലാ സ്ഥാപനമായ നിർമ്മിച്ച നടപ്പാലം പോലെ പണിയാതെ നിർമ്മാണക്കമ്പനി കരാർ നൽകുന്നതിന് മന്ത്രിതലത്തിൽ ഒത്തുകളി നടന്നെന്നാണ് ആരോപണം. നടപ്പാല നിർമ്മാണോദ്ഘാടനത്തിന് നോട്ടീസിലും മൈക്ക് അനൗൺസ്‌മെന്റിലും എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ പേരുകൾ ചേർത്തെങ്കിലും ഗ്രാമപഞ്ചായത്തോ, പൊതുമരാമത്ത് വകുപ്പോ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെ ഓഫീസോ ജനപ്രതിനിധികളെ ഉദ്ഘാടന വിവരം അറിയിക്കാതെ അവഹേളിച്ചതായും യു.ഡി.എഫ് നേതാക്കൾ ആരോപിക്കുന്നു. പൊതു മരാമത്ത് വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ് ടെണ്ടർ നടപടികളും തിടുക്കപ്പെട്ട് നടത്തിയ നിർമ്മാണോദ്ഘാടനവുമെന്ന് യു.ഡി.എഫ് കുടയത്തൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, കൺവീനർ അബ്ദുൾ അസീസ്, സെക്രട്ടറി ജിൽസ് മുണ്ടയ്ക്കൽ എന്നിവർ പറഞ്ഞു. കാൽനട യാത്രക്കാർക്ക് നടപ്പാത ഇല്ലായിരുന്ന സാഹചര്യത്തിലാണ് നിലവിലുള്ള കാഞ്ഞാർ പാലത്തിനോട് ചേർന്ന് സമാന്തരമായി നടപ്പാലം നിർമ്മിക്കുന്നതെന്നും പദ്ധതിയ്ക്ക് സർക്കാർ മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എൻ. ഷിയാസ്, വൈസ് പ്രസിഡന്റ് അഞ്ജലീന സിജോ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ വിജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സിബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആഷാ റോജി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി, കുടയത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.ജെ. ജോസഫ്, നെസിയ ഫൈസൽ, ലതാ ജോസ്, ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരൻ, ശ്രീജിത്ത് സി.എസ്,സി.ഡി.എസ് ചെയർപേഴ്സൺ സിനി ബാബു, ഡോ. കെ. സോമൻ തുടങ്ങിയവർ പങ്കെടുത്തു.
വികസനത്തെ വികൃതമാക്കുന്ന
നടപടി: എം. മോനിച്ചൻ
കാഞ്ഞാർ പാലത്തിന് നടപ്പാലമെന്ന വികസന ആവശ്യത്തെ വികൃതമാക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. തൊടുപുഴ പാലത്തിലെ നടപ്പാലമാണ് പ്രായോഗീകമായിട്ടുള്ളത്. 70 ലക്ഷം രൂപയിൽ താഴെ മാത്രമാണ് തൊടുപുഴ നടപ്പാലത്തിന് ചെലവഴിച്ചിട്ടുള്ളത്. പാലത്തിന് അമിതഭാരമേൽക്കാത്ത സാങ്കേതിക മികവിലാണ് തൊടുപുഴ, കോതമംഗലം, ഈരാറ്റുപേട്ട പാലങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.
-കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ
'അപകരഹിതമായി കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുന്നതിന് ഉപകരിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. വലിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത്."
-മന്ത്രി റോഷി അഗസ്റ്റിൻ