തൊടുപുഴ : നാടിന്റെ വികസനം നിരവധി പേരുടെ കൂട്ടായ യത്നത്തിന്റെ ഫലമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിലെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആകെ 85 കേന്ദ്രീയ വിദ്യാലയങ്ങളാണ് അനുവദിച്ചത്. കേരളത്തിൽ അനുവദിച്ച ഏക വിദ്യാലയമായ തൊടുപുഴയിൽ പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി.
താൽക്കാലികമായി വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് തെരഞ്ഞെടുത്തിരുന്ന തൊടുപുഴ ബോയ്സ് ഹൈസ്‌കൂളിൽ നിലവിലുണ്ടായിരുന്ന കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് കണ്ടത്തിയ സാഹചര്യത്തിൽ എം.പി ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിച്ച് പുതിയ കെട്ടിടം പണി പൂർത്തീകരിക്കുകയായിരുന്നു.
പുതിയതായി നിർമ്മിച്ച കെട്ടിടത്തിലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിന്റെ സ്ഥിരം കെട്ടിടം നിർമ്മിക്കുന്നത് മ്രാലയിലുള്ള എട്ടേക്കറോളം വരുന്ന റവന്യു ഭൂമിയിലാണ്. എല്ലാ അടിസ്ഥാന സൌകര്യങ്ങളും സ്‌കൂൾ പ്രവർത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ കെട്ടിടം മൂന്നു വർഷത്തിനുള്ളിൽ മ്രാലയിൽ നിർമ്മാണം പൂർത്തീകരിക്കുന്നതാണ്.നടപ്പദ്ധ്യായന വർഷം ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസ്സുകളിലാണ് അധ്യയനം ആരംഭിക്കുന്നത്. ഒരു ക്ലാസ്സിൽ നാൽപത് കുട്ടികൾ വീതം ആകെ ഇരുനൂറ് കുട്ടികൾക്കാണ് ഈ വർഷം പ്രവേശനം നൽകിയത്. പി.ജെ ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ദിനേശൻ ചെറുവാട്ട് , മുൻസിപ്പൽ ചെയർമാൻ കെ. ദീപക്, സന്തോഷ് കുമാർ എൻ, ഗീത പി.സി, പി.ജി രാജശേഖരൻ, മുഹമ്മദ് അഫ്സൽ, സബീന ബിഞ്ചു, വിനീത റെച്ചൽ ജോസഫ്, സുജ എം.കെ, രാജു ടി.സി, കെ.കെ തോമസ്, അലക്സ് ജോസ് എന്നിവർ സംസാരിച്ചു.