ഇടുക്കി/ പീരുമേട്: വാത്തിക്കുടി , കൊക്കയാർ പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം നടത്തി. വാത്തിക്കുടി പഞ്ചായത്തിലെ രാജപുരം പെരിയാർവാലി ഭാഗത്ത് 2018ലെ പ്രളയത്തിൽ വീട് നഷ്ടമായവർക്കാണ് ആറ് വീടുകൾ നിർമ്മിച്ചു നൽകിയത്. താക്കോൽദാനം മുരിക്കാശ്ശരിയിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് നിർവ്വഹിച്ചു. ശേഷിക്കുന്ന ആറ് വീടുകളുടെ നിർമ്മാണോദ്ഘാടനവും നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കണ്ടെത്തി നൽകിയ സ്ഥലത്താണ് പെരിയാർ വാലിയിൽ വീട് നിർമ്മിച്ചത്.
2021 ഒക്ടോബറിലെ പ്രളയത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട കൊക്കയാർ പഞ്ചായത്തിൽ നിർമ്മിച്ചു നൽകുന്ന 18 വീടുകളുടെ താക്കോൽദാനം ഇന്നലെ നാരകംപുഴ സി.എസ്.ഐ പാരീഷ് ഹാളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയസാമൂഹ്യസാസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. എം.പിയുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൌണ്ടേഷൻ വിവിധ സന്നദ്ധ സംഘടനകളുമായും സുമനസ്സുകളായ വ്യക്തികളുമായും സഹകരിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. വീടുകളുടെ ഉദ്ഘാടനം നടക്കുന്ന വേളയിൽ ഇത് പൂർത്തീകരിക്കുന്നതിന് സഹായസഹകരണങ്ങൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എം.പി പ്രത്യേകം നന്ദി അറിയിച്ചു. ചടങ്ങുകളിൽ നേതാക്കളായ ജോസഫ് വാഴക്കൻ, ഇ.എം. ആഗസ്തി, റോയി കെ. പൗലോസ്, അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ,ജോയി വെട്ടിക്കുഴി,നിഷാ സോമൻ, എ.പി. ഉസ്മാൻ, ജോർജ് കുറുംപുറം, തോമസ് മൈക്കിൾ, സാജു കാരക്കുന്നേൽ, സണ്ണി തുരുത്തിപ്പള്ളിൽ എന്നിവർ പങ്കെടുത്തു.