കട്ടപ്പന: സത്രം എയർ സ്ട്രിപ്പ് പദ്ധതി ആസൂത്രിതമായി ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ തെളിവുകൾ പുറത്തുവന്നതായി ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. യാതൊരു പഠനവുമില്ലാതെ 2017 സെപ്തംബർ 17ന് വള്ളക്കടവ് റിസർവിന്റെ കരട് വിജ്ഞാപനം ഇറക്കി. മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 182ലെ 262 ഏക്കർ ഭൂമിയാണ് റിസർവായി വിജ്ഞാപനം ചെയ്തത്. വിജ്ഞാപനമിറങ്ങുന്നതിന് മാസങ്ങൾക്ക് മുമ്പ് ഈ വില്ലേജിലെ ഇതേ സർവേ നമ്പരിലെ ഭൂമിയിൽ സത്രം എയർ സ്ട്രിപ്പ് നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകി. 10 കോടി രൂപയുടെ രണ്ടാംഘട്ട വികസനത്തിനാണ് 2017 ജൂലായ് മൂന്നിന് അനുമതി നൽകിയത്. രണ്ട് മാസത്തിന് ശേഷം സെപ്തംബർ 17ന് എയർസ്ട്രിപ്പിന് അനുവദിച്ച സർവേ നമ്പറിലെ ഭൂമി ഉൾപ്പെടെ റിസർവ് വനമാക്കി മാറ്റാൻ സർക്കാർ വിജ്ഞാപനമിറക്കി. എയർ സ്ട്രിപ്പിന്റെയും ട്രെയിനിങ് സെന്ററിന്റെയും നിർമാണം പൂർത്തിയാക്കാൻ 15 ഏക്കർ ഭൂമി കൂടി എൻ.സി.സി ആവശ്യപ്പെട്ടെങ്കിലും റിസർവ് വനത്തിലാണെന്നതിന്റെ പേരിൽ ഭൂമി വിട്ടുനൽകുന്നതിന് വനംവകുപ്പ് തടസം നിൽക്കുന്നു. എയർ സ്ട്രിപ്പിന് അനുവദിച്ച സർവേ നമ്പരിലെ റവന്യൂ ഭൂമി റിസർവ് വനമാക്കിയതിന് സർക്കാരും ജില്ലയിലെ എൽ.ഡി.എഫ് നേതാക്കളും മറുപടി പറയണമെന്നും ബിജോ മാണി പറഞ്ഞു. അതീവ രഹസ്യമായിട്ടാണ് പുതിയ റിസർവ് വനങ്ങൾ വിജ്ഞാപനം ചെയ്യുന്നത്. വള്ളക്കടവിലെ പുതിയ സംരക്ഷിത വനത്തിന്റെ വിവരം ഒമ്പത് വർഷത്തിനുശേഷമാണ് പുറത്തുവരുന്നത്. റിസർവ് വനമാക്കിയതിനാലാണ് എയർ സ്ട്രിപ്പ് നിർമ്മാണം തടസപ്പെട്ടതെന്ന വിവരം ആർക്കുമറിയില്ല. 2006ലെ വി.എസ് സർക്കാർ വിജ്ഞാപനം ചെയ്ത വാഗമൺ റിസർവിന്റെ വിവരം 19 വർഷത്തിനുശേഷമാണ് പുറത്തുവന്നത്. 1500 എക്കർ റവന്യൂ ഭൂമിയാണ് പീരുമേട്ടിൽ മാത്രം വനമായി മാറുന്നത്. പുതിയ സംരക്ഷിത വനങ്ങളുടെ കരട് വിജ്ഞാപനങ്ങൾ റദ്ദാക്കി റവന്യൂ ഭൂമിയായി നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട്, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവർ പറഞ്ഞു.