□രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
മൂന്നാർ. മൂന്നാർ സന്ദർശിക്കാനെത്തിയ യുവതിക്ക് ഡ്രൈവർമാരിൽ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ. മൂന്നാർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ
ജോർജ് കുര്യൻ, എ.എസ്.ഐ സാജു പൗലോസ്, എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്ത്.
ദുരനുഭവം നേരിട്ട യുവതി നേരിട്ടറിയിച്ചിട്ടും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കൃത്യവിലോപത്തിനുമാണ് നടപടി. യുവതി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതോടെ സ്വമേധയാ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. പ്രശ്നം സൃഷ്ടിച്ച ആറു ഡ്രൈവർമാർക്കെതിരെയും പൊലീസ് കേസെടുത്തേക്കും.
കഴിഞ്ഞ 29 ന് മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനി ജാൻവിയെന്ന യുവതിയാണ് ദുരനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത്. ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നതിനിടെ ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ വാഹനം തടഞ്ഞു
നിറുത്തി. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമുണ്ടെന്നും കോടതി ഉത്തരവ് കൈയ്യിലുണ്ടെന്നും കാണിച്ചാണ് യാത്ര തടഞ്ഞത്. ജാൻവിയും സുഹൃത്തുക്കളും തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവതി പൊലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പൊലീസ്, ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് യുവതിയെ ചൊടിപ്പിച്ചു. ഓൺലൈൻ വാഹനം ഉപേക്ഷിച്ച്, പ്രശ്നം സൃഷ്ടിച്ച ഡ്രൈവർമാരിൽ ഒരാളുടെ വാഹനത്തിൽ യാത്ര തുടരാൻ പൊലീസുകാർ ആവശ്യപ്പെട്ടു. സുരക്ഷ മുൻനിറുത്തി സ്വന്തം നിലയിൽ യുവതിയും സംഘവും മടങ്ങി.