തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നിരിക്കെ സ്ഥാനാർത്ഥി മോഹികളെ കുഴപ്പിച്ച് സംവരണ വാർഡുകൾ. ജനറൽ വാർഡെന്നുറപ്പിച്ച് നാളുകളായി കുപ്പായം തുന്നി വർഷങ്ങളോളം പ്രവർത്തിച്ച പലരും പ്രതീക്ഷിച്ച സീറ്റ് സംവരണമായതിനാൽ നിരാശയിലാണ്. പകുതിയോളം സീറ്റുകൾ വനിതാ സംവരണമായതാണ് തിരിച്ചടിയായത്. ഇതിനാപ്പം പട്ടികജാതി/ പട്ടിക വർഗ സംവരണ സീറ്റുകൾ കൂടി വന്നതോടെ ജനറൽ സീറ്റുകളുടെ എണ്ണം തീരെ കുറഞ്ഞു. തൊട്ടടുത്ത വാർഡുകൾ കൂടി സംവരണമായതിനാൽ സ്ഥാനാർത്ഥി മോഹം തന്നെ പൊലിഞ്ഞ അവസ്ഥയിലാണ് പലരും. കിട്ടിയ അവസരം പാഴാക്കാതെ വനിതാ സംവരണ സീറ്റിൽ കുടുംബാംഗങ്ങളെ മത്സരിപ്പിച്ച് പിൻസീറ്റ് ഡ്രൈവിംഗ് ഭരണം സ്വപ്നം കാണുന്നവരുമുണ്ട്. കൂടുതൽ പേരും തങ്ങളുടെ ഭാര്യയെ കളത്തിലിറക്കി ഏത് വിധേനയും അംഗങ്ങളാക്കാനാണ് ശ്രമിക്കുന്നത്.
വനിതകൾക്കായി നെട്ടോട്ടം
പകുതിയോളം സംവരണ സീറ്റുകളായതിനാൽ വനിതാ സ്ഥാനാർത്ഥികൾക്കായി നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പലയിടത്തും മത്സരിപ്പിക്കാൻ വനിതകളെ കിട്ടാത്തത് പ്രശ്നമാണ്. നാട്ടിൽ തരക്കേടില്ലാത്ത അഭിപ്രായമുള്ള കുടുംബങ്ങളിലെ വീട്ടമ്മമാരെ ചാക്കിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയം താത്പര്യമില്ലാത്ത പല വീട്ടമ്മമാരും സ്ഥാനാർത്ഥിത്വത്തോട് മുഖം തിരിക്കുകയാണ്. മത്സരിക്കാൻ വിമുഖത കാണിക്കുന്നവരുടെ അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്തിന് സാമുദായിക നേതാക്കളെ വരെ സ്വാധീനിച്ച് കാര്യം നേടാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്.
സി.പി.എമ്മിൽ രണ്ട് ടേം,
സീറ്റുറപ്പിക്കാൻയൂത്ത് കോൺഗ്രസ്
വിജയിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പിൽ രണ്ട് ടേം മത്സരിച്ചവർ ഇത്തവണ വേണ്ടെന്ന നിലപാടിലാണ് സി.പി.എം. ഇതോടെ പാർലമെന്ററി മോഹം നടക്കുമോയെന്ന ആശങ്കയിലാണ് പല നേതാക്കളും. മേൽഘടകങ്ങളിലെ നേതാക്കളെ സ്വാധീനിച്ച് പ്രത്യേക ഇളവ് തേടാനുള്ള ശ്രമങ്ങളും പലരും തുടങ്ങിയിട്ടുണ്ട്. യൂത്ത് കോൺഗ്രസിൽ കുപ്പായം മോഹിച്ച യുവ നേതാക്കളും രംഗത്തുണ്ട്. യൂത്ത് ബ്രിഗേഡിന്റെ ലേബലിൽ സീറ്റുറപ്പിക്കാനാണ് പലരുടെയും ശ്രമം. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതിനാൽ തങ്ങൾക്ക് അടുത്ത ബന്ധമുള്ളതും ഹൈക്കമാൻഡിൽ സ്വാധീനമുള്ളതുമായ സംസ്ഥാന നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് യൂത്തന്മാർ. ഇതിനോടകം പലയിടത്തും എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഘടക കക്ഷികൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിച്ചിട്ടുണ്ട്. മത്സര രംഗത്ത് പരസ്യമായില്ലെങ്കിലും ബി.ജെ.പിക്കായി ആർ.എസ്.എസും പ്രചാരണ പരിപാടികൾ ആരംഭിച്ചു. എ.എ.പി, ട്വന്റി ട്വന്റി തുടങ്ങിയ പാർട്ടികളും പല പഞ്ചായത്തുകളിലും ബല പരീക്ഷണത്തിനുണ്ട്. ഇത്തവണ പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് മിക്ക പാർട്ടികളും.
മാറാൻ
മടിച്ച് വനിതകൾ
കഴിഞ്ഞ തവണ നിർബന്ധിച്ച് വീടുകളിൽ നിന്ന് പിടിച്ചിറക്കിയ വനിതകളിൽ പലരും ഇത്തവണ സീറ്റുറപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തുണ്ട്. വാർഡ് ജനറലാണെങ്കിലും കുഴപ്പമില്ലെന്ന നിലപാടുള്ളവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ വനിതാ അദ്ധ്യക്ഷ പദവിയോ ഉപാദ്ധ്യക്ഷ പദവിയോ ലക്ഷ്യമിട്ടാണ് സീനിയർ വനിതകൾ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. സീറ്റ് കിട്ടിയില്ലെങ്കിൽ ആര് ഏതൊക്കെ പാർട്ടികളിൽ നിന്ന് മത്സരിക്കുമെന്ന് വിജ്ഞാപനം വന്നാൽ അറിയാം.