ഇടുക്കി : അനധികൃതമായി പാറ പൊട്ടിച്ചതിനെ തുടർന്ന് വീടിന് തകരാർ സംഭവിച്ച സാഹചര്യത്തിൽ പ്രദേശവാസിക്ക് അഴുത ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സംരക്ഷണഭിത്തി ഏറിയാൽ രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മഴ മാറിയാലുടൻ നിമ്മാണം ആരംഭിക്കുമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്ത് കമ്മീഷന് ഉറപ്പു നൽകി. അഴുത ബ്ലോക്ക് അസി. എഞ്ചിനീയറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കരാറുകാരൻ നിർമ്മാണം നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. രണ്ട് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി അഴുത ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ കമ്മീഷനിൽ റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ പകർപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും പരാതിക്കാരനും നൽകണം.
കരാറുകാരന് സൈറ്റ് കൈമാറിയതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പീരുമേട് ഇഞ്ചിക്കാട് പെരിയാർ എസ്റ്റേറ്റിൽ വേൽമുരുകൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വണ്ടിപെരിയാർ പഞ്ചായത്തംഗമായിരുന്ന വ്യക്തി അനധികൃതമായി പാറപൊട്ടിച്ചതിനെതുടർന്നാണ് വീടിന് നാശനഷ്ടം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു.