
ഇടുക്കി: വോളിബോൾ അക്കാദമി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലയിൽ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായിക രംഗത്ത് ഒട്ടേറെ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മുൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കോളേജ് കാലഘട്ടത്തിലെ വോളിബോൾ കളിക്കാരൻ കൂടിയായ മന്ത്രി തിരക്കിനിടയിലും അക്കാദമിയിലെ കുട്ടികൾക്കൊപ്പം പന്ത് തട്ടിയിട്ടാണ് മടങ്ങിയത്. കളത്തിലിറങ്ങി പന്ത് തട്ടിയ മന്ത്രി കുട്ടികൾക്ക് ആവേശം പകർന്നു. 1.50 കോടി രൂപ ചെലവിലാണ് ഇടുക്കി വോളിബോൾ അക്കാദമിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. വുഡൻ കോർട്ട്, ഇൻഡോർ കോർട്ട്, ഓപ്പൺ കോർട്ട്, അക്കാദമി ഹോസ്റ്റൽ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിലവിൽ 24 കുട്ടികളാണ് വോളിബോൾ അക്കാദമിയിൽ പഠിക്കുന്നത്. വോളിബോൾ അക്കാദമി അങ്കണത്തിൽ ചേർന്ന യോഗത്തിൽ മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, മുൻ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, സെക്രട്ടറി പി.എ ഷാജിമോൻ എന്നിവർ സംസാരിച്ചു.