മൂന്നാർ: നാൽപ്പത്തിയൊന്ന് വർഷം മുമ്പ് മുതിരപ്പുഴയാറിൽ മുങ്ങി മരിച്ച കുട്ടികളെ അനുസ്മരിക്കാൻ സഹപാഠികളും ബന്ധുക്കളും ഇത്തവണയും എത്തും. ഹെലികോപ്ടർ നേരിൽ കാണാനുള്ള ആവേശത്തിൽ തൂക്ക് പാലം തകർന്ന് 14 കുട്ടികൾ പുഴയിൽ മുങ്ങി മരിച്ചത് 1984 നവംബർ 7നാണ്. മൂന്നാർ ഗവ.ഹൈസ്‌കുളിലെ വിദ്യാർത്ഥികളായിരുന്നു ഇവർ . മൂന്നാർ ഹൈറേഞ്ച് ക്ലബ്ബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ 14 കുട്ടികളെയാണ് തണുത്ത മരവിച്ച മുതിരപ്പുഴയാർ അപഹരിച്ചത്.രാവിലെ 10.30 ഓടെയായിരുന്നു ആ ദുരന്തം.അന്ന് തകർന്ന തുക്ക്പാലം പുതുക്കി പണിതുവെങ്കിലും 2018ലെ പ്രളയം ആ പാലത്തെ അപ്പാടെ തൂത്തെടുത്തു.എ.രാജലഷ്മി,എസ്.ജയലഷ്മി, എം.വിജയ,എൻ.മാരിയമ്മാൾ,ആർ.തങ്കമല,പി.സരസ്വതി,കല്യാണകുമാർ,സുന്ദരി,പി.റാബിയ,ടി.ജെൻസി,ടി.ശിബു,പി.മുത്തുമാരി,എസ്.കലയമ്മാൾ,സി.രാജേന്ദ്രൻ എന്നിവരാണ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത്. മൂന്നാർ ജി വി എച്ച് എസ് എസിന്റെയും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 7ന് രാവിലെ 10.30 ന് വിദ്യാർത്ഥി സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.