
പീരുമേട്: അഴുകൽ രോഗവും തട്ടമറിച്ചിലും വ്യാപകമായതോടെ ഏലം കർഷകർ വൻ പ്രതിസന്ധി നേരിടുന്നു. ഏപ്രിൽ മാസം മുതൽ തുടർച്ചയായി പെയ്ത മഴ മൂലം ഏലത്തിന് അഴുകൽ രോഗം പിടിപെട്ടു. വിവിധ കമ്പനികളുടെ കീടനാശിനി പ്രയോഗം നടത്തിയിട്ടും കർഷകന് ഈ രോഗം പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. വളരെ പെട്ടെന്ന് ചെടികളുടെ ചരത്തിൽ നിന്ന് കായകളിലേക്ക് അഴുകൽ രോഗം പിടിപെടും. ഇവ വളരെ പെട്ടെന്ന് മറ്റ് ചെടികളിലേക്ക് പടരുകയാണ്. ഇത് കാരണം ഏലയ്ക്കാ ഉത്പാദനം ഗണ്യമായി കുറയുകയാണ്. ദിവസങ്ങളോളം പെയ്ത കനത്ത മഴയെ തുടർന്നാണ് ചെടികളിൽ അഴുകലും തട്ടമറിയലും മഴക്കാല രോഗങ്ങളും കൂടിയത്. വെള്ളം തങ്ങി നിൽക്കുന്ന പ്രദേശങ്ങളിലാണ് കായ ചീയൽ എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗം കൂടുതലായിട്ടു ള്ളത്. ചെടിയുടെ തണ്ടുകൾ അഴുകി ആരോഗ്യം നഷ്ടപ്പെട്ട് പൂർണ്ണമായും നശിക്കുന്നതിനാൽ രോഗം ബാധിച്ച ചെടികൾ വെട്ടിക്കളയുക മാത്രമാണ് പോംവഴി. ഇതോടെ ലക്ഷങ്ങൾ മുടക്കി വർഷങ്ങളോളം പരിപാലിച്ച ചെടികൾ കർഷകന് ഇല്ലാതാകും. ഫൈന്റോതുറ ഗണത്തിൽപ്പെട്ട കുമിളാണ് അഴുകൽ രോഗത്തിന് കാരണമാകുന്നത്. വേരിലൂടെ ചെടികളെ ബാധിക്കുന്ന കുമിൾരോഗം തട്ടയുടെയും ചരത്തിന്റെയും ആരോഗ്യം നശിപ്പിക്കും. കർഷകനെ സംബന്ധിച്ചിടത്തോളം അഴുകൽ രോഗവും തട്ടമറിച്ചിലും ഉത്പാദന ചെലവും കർഷകന്റെ പ്രതീക്ഷകൾ കെടുത്തികളഞ്ഞിരിക്കുകയാണ്. ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 2400- 2500 രൂപയാണ്. പണിക്കൂലിയും വളം, മരുന്ന് കീടനാശിനിപ്രയോഗവും നടത്തിയ ചെടികളാണ് മഴയിൽ അഴുകൽ ബാധിച്ച് നശിക്കുന്നത്. ന്യായമായ വില കിട്ടിയാൽ മാത്രമേ ഏലം കർഷകന് പ്രയോജനമുള്ളൂ. ഏലത്തിനു പിടിപെടുന്ന അഴുകൾ രോഗം നിയന്ത്രിക്കാൻ കഴിയുന്നതിനുള്ള മാർഗ്ഗം സ്‌പൈസസ് ബോർഡ് കൈകൊള്ളണമെന്നാണ് ഏലം കർഷകന്റെ പ്രധാന ആവശ്യം.
കീടനാശിനികൾക്ക് വൻ വില
തുരിശ് ഉപയോഗിച്ചു തയ്യാറാക്കുന്ന ബോർഡോ മിശ്രിതമാണ് ഈ കുമിൾ രോഗത്തിന് സാധാരണയായി കർഷകർ ഉപയോഗിക്കുന്നത്. ഇത് ഫലപ്രദമല്ലാത്തതിനാൽ മാരക ശേഷിയുള്ള പുതിയ തരം കീടനാശിനികൾ വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിന് വൻ വില കൊടുക്കേണ്ടി വരും. ചെറുകിട കർഷകർ വില കൂടിയ കീടനാശിനി പ്രയാഗം നടത്താൻ തയ്യാറാകുന്നില്ല.
'ഏലച്ചെടിക്ക് അഴുകൽ രോഗവും തട്ടമറച്ചിലുമുണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടാണ് കർഷകർക്കുണ്ടാക്കുന്നത്. പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല."
-ഏലം കർഷകൻ എ. രാമൻ