
കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം മാക്കപ്പടിയിൽ പുതുതായി പണികഴിപ്പിച്ച ഡോ. അംബേദ്കർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിന്റെയും പകൽവീടിന്റെയും ഉദ്ഘാടനം എം.എം മണി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വക സ്ഥലത്ത് ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. മേഖലയിലുള്ളവർ വിവാഹം, മറ്റു പൊതുചടങ്ങുകൾ ഉൾപ്പെടെ നടത്തണമെങ്കിൽ ഹാളിനായി കിലോമീറ്റർ ദൂരെ ഇരട്ടയാറിൽ എത്തിച്ചേരണമായിരുന്നു. ഇത് മനസിലാക്കിയ ജില്ലാ പഞ്ചായത്തംഗം കെ .ജി സത്യനാണ് തുക അനുവദിച്ചത്. പകൽ വീടിനൊപ്പം ലൈബ്രറിക്കും ഉള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹാളിന്റെ വൈദ്യുതികരണം, ചുറ്റുമതിൽ നിർമാണം, തറയോട് പതിക്കൽ എന്നിവയ്ക്കായി 30 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ആദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലിച്ചൻ വെള്ളക്കട എന്നിവർ സംസാരിച്ചു.