 നിക്ഷേപിക്കുന്നവർക്കും ശേഖരിക്കുന്നവർക്കും തുല്യ ഉത്തരവാദിത്തം

തൊടുപുഴ: ഉപയോഗശേഷം പ്ലാസ്റ്റിക് കുപ്പികൾ പാതയോരങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്ന ശീലം കുറയ്ക്കാനായി സ്ഥാപിച്ചിരിക്കുന്ന ബോട്ടിൽ ബൂത്തുകൾ ഉപയോഗശൂന്യമാകുന്നു. ശുചിത്വ നഗരമെന്ന് മേനി നടിക്കുമ്പോഴും നഗരത്തിലെ പാതയോരങ്ങളിൽ ഇത്തരം കാഴ്ചകൾ നിത്യ സംഭവമാണ്. വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോട്ടിൽ ബൂത്തുകൾ നിറഞ്ഞ് കവിഞ്ഞിട്ടും ഇവ നീക്കം ചെയ്യാത്തതാണ് ഉപയോഗ രഹിതമാകാൻ കാരണം. ഏറ്റവും കൂടുതൽ ബോട്ടിലുകൾ ഉപയോഗ രഹിതമായിരിക്കുന്നത് പുഴയോരം ബൈപ്പാസിലാണ്. നാല് ബോട്ടിലുകളാണ് നോക്കുകുത്തിയായിരിക്കുന്നത്. കുപ്പികൾ നിറഞ്ഞത് യഥാസമയം നീക്കം ചെയ്യാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. വഴിയരികിൽ കുപ്പികൾ വലിച്ചെറിയുന്നത് തടയിടാനായി വിവിധ സംഘടനകൾ നഗരസഭയ്ക്ക് സ്‌പോൺസർ ചെയ്തതാണ് ഭൂരിപക്ഷം ബോട്ടിൽ ബൂത്തുകളും. സ്ഥാപിച്ച സമയത്ത് കൃത്യമായി കുപ്പികൾ നീക്കം ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് ഇവ കുന്ന് കൂടാൻ തുടങ്ങി. ബോട്ടിലുകൾ നിറഞ്ഞതോടെ കുപ്പികൾ നിക്ഷേപിക്കാൻ കഴിയാത്ത വിധം ഇതിന് ചുവട്ടിൽ കുന്ന് കൂടാൻ തുടങ്ങി. ചിലയിടങ്ങളിൽ ബൂത്തുകൾക്ക് മുമ്പിൽ ചെല്ലാൻ പോലും കഴിയാത്ത സാഹചര്യമാണ്. സ്ഥലമില്ലാത്തതിനാൽ പലരും ചാക്കിൽ കെട്ടി തള്ളുന്നതാണ് കാരണം. നഗരസഭ ആരോഗ്യ വിഭാഗമാണ് ബോട്ടിലുകളിലെ കുപ്പികൾ ശേഖരിച്ച് ഹരിത കർമ്മസേനയ്ക്ക് നൽകുന്നത്. പാതയോരങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിരിക്കുന്നത് കുപ്പികൾ ഇടാൻ മാത്രമാണ്. പ്ലാസ്റ്റിക്- ബിയർ കുപ്പികൾ അടക്കമുള്ളവ ശേഖരിക്കുകയാണ് ബൂത്തിന്റെ ലക്ഷ്യം. എന്നാൽ മിഠായി കടലാസ്, ഭക്ഷണ അവശിഷ്ടങ്ങൾ,കടലാസുകൾ മുതലായ സകല വസ്തുക്കളും ഇതിൽ നിക്ഷേപിക്കുന്നുണ്ട്. ഇത് ബൂത്തിന്റെ ലക്ഷ്യം തന്നെ മാറ്റുന്നതിനൊപ്പം പ്രവർത്തനത്തെയും ബാധിക്കുന്നു. ഈ മനോഭാവം നഗരസഭയ്ക്കും തലവേദനയാണ്.

പുഴയിലൊഴുകും കുപ്പികൾ
ആയിരക്കണക്കിന് കുടുംബങ്ങൾ ഗാർഹികാവശ്യങ്ങൾക്കും കാർഷികാവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന തൊടുപുഴയാറ്റിൽ പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള കുപ്പികൾ ഒഴുകുന്നത് നിരന്തര കാഴ്ചയാണ്. വേനൽക്കാലമായാൽ പലയിടത്തും കെട്ടിക്കിടക്കുന്നതും കാണാം. ഇത് ഒഴിവാക്കാനായാണ് സംഭരണകേന്ദ്രങ്ങൾ സ്ഥാപിച്ചതെങ്കിലും എല്ലാം പഴയപടിയാവുകയാണ്.


കുപ്പിയിടാൻ സംവിധാനമില്ലാതെ ബസ് സ്റ്റാൻഡ്

നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ച മങ്ങാട്ടുകവല മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ സംവിധാനമില്ല. കോതായിക്കുന്നിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടിസിയിലും ഇതിനായി സംവിധാനമൊരുക്കിയിട്ടുണ്ട്. നൂറ് കണക്കിനാളുകൾ എത്തുന്ന ഇവിടെ പ്ലാസ്റ്റിക് ബോട്ടിലുകൾ അത്യന്താപേക്ഷിതമാണ്.

വരുന്നു, സ്റ്റീൽ ബൂത്തുകൾ
കുപ്പികൾ ശേഖരിക്കാൻ മങ്ങാട്ടു കവലയിൽ അടക്കം നഗരസഭ നേരിട്ട് ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും. നിലവിലുള്ള നെറ്റ് ബൂത്തുകൾക്ക് പകരം സ്റ്റീൽ ബൂത്തുകളായിരിക്കും. തുരുമ്പെടുത്ത് നശിക്കുന്നത് ഒഴിവാക്കാനാണിത്. ഇതിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇനി മുതൽ ശേഖരിക്കുന്ന കുപ്പികൾക്ക് കിലോയ്ക്ക് ഒന്നര രൂപ എന്ന നിരക്കിൽ ഹരിത കർമ്മസേന നഗരസഭയ്ക്ക് നൽകും. നിറഞ്ഞ ബോട്ടിലുകളുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുമെന്നും നഗരസഭ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.