toilet

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ തൊടുപുഴ നഗരസഭയിൽ ജോലികൾ പൂർത്തിയാക്കാതെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് യു.ഡി.എഫ് ഭരണസമിതിയെന്ന ആരോപണവുമായി ഇടതുപക്ഷം രംഗത്തെത്തി. മൂന്നിന് നഗരസഭ ഓഫീസിന്റെ താഴെനിലയിൽ ചെയർപേഴ്സൺ കെ. ദീപക് ഉദ്ഘാടനം ചെയ്ത ജനസേവന കേന്ദ്രത്തിൽ ഫ്രണ്ട് ഓഫീസ്, ഹെൽപ് ഡെസ്ക്, ക്യാഷ് കൗണ്ടർ ഉൾപ്പെടെ സജ്ജമാക്കിയെന്നായിരുന്നു അവകാശവാദം. എന്നാൽ മൂന്നുദിവസം പിന്നിടുമ്പോഴും സേവനം തേടിയെത്തുന്നവർ ഇളിഭ്യരായി മടങ്ങുകയാണെന്നാണ് ആക്ഷേപം. ഒരു കമ്പ്യൂട്ടർ പോലും സ്ഥാപിക്കാതെ ജനസേവന കേന്ദ്രം പ്രവർത്തിപ്പിക്കുന്ന മായാജാലമാണ് ഇവിടെ നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്രത്തിന്റെ ഷട്ടർ തുറന്നിട്ടുണ്ട്, ഉദ്ഘാടനഫലകം അകത്ത് ചാരിവച്ചിരിക്കുന്നു. ഒരു ഫോട്ടോസ്റ്റാറ്റ് പോലും എടുക്കാൻ പാകത്തിന് ജോലികൾ തീർന്നില്ലെങ്കിൽ എന്തിനാണിത് ഉദ്ഘാടനംചെയ്തതെന്നാണ് നാട്ടുകാരുടെ ചോദ്യം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ഉദ്ഘാടനങ്ങൾ നടത്തി പേര് സമ്പാദിക്കാനുള്ള പതിവ് നാടകമാണ് യു.ഡി.എഫ് ഭരണസമിതിയുടേതെന്ന് സി.പി.എം മുനിസിപ്പിൽ സെക്രട്ടറി ലിനു ജോസ് ആരോപിച്ചു. അതിന്റെ ഭാഗമായാണ് ജോലികൾ പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത്. തിടുക്കത്തിൽ ജോലികൾ തീർക്കുന്നത് കെട്ടിടങ്ങളുടെയും മറ്റ് പ്രവർത്തനമങ്ങളുടെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനം നടന്നു, കാര്യം നടക്കില്ല

മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിച്ച പൊതുശൗചാലയ സമുച്ചയം ഉദ്ഘാടനം ചെയ്തതത് നാലിനാണ്. എന്നാൽ ഇപ്പോഴും പ്രാഥമിക കൃത്യം നിർവഹിക്കാനാകില്ല. മലിനജലം കടന്നുപോകുന്ന പൈപ്പിന്റെയടക്കം ജോലികൾ നടക്കുന്നതേയുള്ളു. ബോർഡുകളുടെയടക്കം മറ്റുള്ള ജോലികളും പുരോഗമിക്കുന്നു. ഉദ്ഘാടനത്തിന് മിനിട്ടുകൾക്ക് മുമ്പാണ് കെട്ടിടത്തിന്റെ സീലിങ് ജോലികളും പടികളുടെ പെയിന്റിങ്ങും തീർന്നത്.