പീരുമേട്: എൻ.സി.സി പരിശീലന കേന്ദ്രം വരെ ഇടതു സർക്കാർ വനമാക്കിയെന്ന് ഡീൻ കുര്യാക്കോസ് എം.പി. റിസർവ് വനത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ നിർമ്മാണം മുടങ്ങിയ സത്രം എയർസ്ട്രിപ്പ് സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിജ്ഞാപനം റദ്ദ് ചെയ്ത് ഈ പ്രദേശം റവന്യൂ ഭൂമിയായി നിലനിറുത്തിയില്ലെങ്കിൽ എയർസ്ട്രിപ്പിന്റെ പ്രവർത്തനം മുടങ്ങിപോകും. എയർ സ്ട്രിപ്പിന് അനുവദിച്ച 12 ഏക്കർ ഭൂമിക്ക് പുറമെ അപ്രോച്ച് റോഡിനും റൺവേയുടെ വിസ്തൃതി വർദ്ധിപ്പിക്കാനുമായി 2.6 ഹെക്ടർ ഭൂമി അധികമായി ആവശ്യപ്പെടുമ്പോഴാണ് ഈ മേഖല റിസർവ് വനമാക്കി സർക്കാർ തന്നെ പ്രഖ്യാപിച്ച വിവരം അറിയുന്നത്. ഇപ്പോൾ ഈ ഭാഗം തിരിച്ചു ലഭിക്കാൻ അപേക്ഷ സമർപ്പിച്ച് നിൽക്കുകയാണ്. ലൈഫ് ഭവന പദ്ധതിയിൽ പണിത നിരവധി വീടുകളും റിസർവ് വനത്തിന്റെ വിഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടയ / കൈവശഭൂമികളും സർക്കാർ വിവിധ വികസന പദ്ധതികൾക്ക് അനുവദിച്ച ഭൂമിയും ഉൾപ്പടെ 54,000 ഏക്കർ റവന്യൂഭൂമിയാണ് ഇടതുസർക്കാർ ജില്ലയിൽ വനമാക്കി മാറ്റിയത്. വനവിസ്തൃതി വർദ്ധിപ്പിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സർക്കാർ നടത്തുന്നത്. ജില്ലയിലെ ഇടതുപക്ഷ നേതാക്കളും ജനപ്രതിനിധികളും ഇതിന് ഒത്താശ ചെയ്യുകയാണ്. വള്ളക്കടവ് റിസർവിന്റെയടക്കമുള്ള പുതിയതായി രൂപീകരിച്ച റിസർവ് വനങ്ങളുടെ കരട് വിജ്ഞാപനങ്ങൾ റദ്ദ് ചെയ്ത് ഈ ഭൂമി റവന്യൂ ഭൂമിയായി നിലനിറുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.