lahari

ഇടുക്കി: എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിഭാഗത്തിൽ
ദേശഭക്തി ഗാനമത്സരത്തിൽ വിജയിച്ച സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും കളക്ടർ നിർവഹിച്ചു.ദേശഭക്തിഗാന മത്സരത്തിൽ മൂലമറ്റം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാം സമ്മാനവും, രണ്ടാം സമ്മാനം വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർസെക്കൻഡറി സ്‌ക്കൂളും, മൂന്നാം സമ്മാനം കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളും നേടി. നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ.മെറിൻ പൗലോസ് ബോധവത്കരണ ക്ലാസ് നയിച്ചു.കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസി. എക്‌സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ അദ്ധ്യക്ഷനായി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ സുരേഷ്, വിമുക്തി മിഷൻ ജില്ലാ കോർർഡിനേറ്റർ ഡിജോ ദാസ് എന്നിവർ പ്രസംഗിച്ചു.