
മുട്ടം: ജില്ലാ കോടതി ഉൾപ്പെടെ പതിനാലോളം കോടതികൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തോട് അനുബന്ധിച്ചുളള പൊതുശൗചാലയത്തിന്റെ അവസ്ഥ ഏറെ ദയനീയം. കോടതി ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങൾക്കായി പരപ്പാൻ തോടിന് സമീപമാണ് പൊതുശൗചാലയം സ്ഥിതി ചെയ്യുന്നത്. നാല് മുറികളോടെ ഏറെ മനോഹരമായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെങ്കിലും ഒരു മുറിയിൽ ഉപയോഗ ശൂന്യമായ ഫയലുകളും പേപ്പറുകളും ചാക്കിൽ കെട്ടി സൂക്ഷിച്ചിരിക്കുന്നതിനാൽ, ഇത് ഉപയോഗിക്കാൻ കഴിയില്ല. മറ്റ് മൂന്നു ശൗചാലയ മുറിക്കുളളിലെ ബൾബുകൾ ഒരെണ്ണം പോലും പ്രവർത്തിക്കുന്നുമില്ല. ചുറ്റിലും മരങ്ങളും വളളിപ്പടർപ്പുകളും വളർന്നതിനാൽ ശൗചാലയത്തിന്റെ മുറികളുടെ വാതിലുകൾ തുറന്നിട്ടാൽ പോലും അകത്ത് കനത്ത ഇരുട്ടാണ്. പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ സജ്ജമാക്കിയ ശൗചാലയത്തിലെ ബൾബുകൾ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. നിസാരമായ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ അധികൃതർക്കും താല്പര്യമില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് ശൗചാലയ മുറിയുടെ വാതിലുകൾക്ക് കൊളുത്തുകൾ ഇല്ലാതിരുന്നത് മാധ്യമ വാർത്തയായിരുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾ, കൊച്ച് കുട്ടികൾ, വയോജനങ്ങൾ എന്നിവർ ഉൾപ്പെടെയുളള നൂറുകണകണക്കിനാളുകൾ ഉപയോഗിക്കുന്ന ശൗചാലയത്തിനാണ് ഇത്തരമൊരു ദുരവസ്ഥ.