മൂന്നാർ: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് കർശന നടപടികൾ സ്വീകരിക്കുമെന്ന് മൂന്നാർ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാർ പറഞ്ഞു. സഞ്ചാരികൾക്ക് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ ഉടനെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിക്ക് മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം ഉണ്ടായതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. യുവതിയുടെ യൂട്യൂബ് വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു നടപടി. വിനോദ സഞ്ചാരികൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള മോശം നടപടികൾ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് തുടർന്നും ഉണ്ടാകുമെന്നും മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് എല്ലാവിധ സഹായവും ചെയ്ത് നൽകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. അടിക്കടി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയും വാർത്തകൾ പുറത്ത് വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കയും വിനോദ സഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവന മാർഗ്ഗം കണ്ടെത്തുന്നവർ പങ്കുവയ്ക്കുന്നു.

വീഴ്ചയില്ലെന്ന് ടാക്സി ഡ്രൈവർമാർ

മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളോട് തങ്ങൾ മോശമായി പെരുമാറില്ലെന്നും സഞ്ചാരികളാണ് തങ്ങളുടെ ജീവിതമാർഗ്ഗമെന്നും ടാക്സി ഡ്രൈവർമാരും പറയുന്നു. ഓൺലൈൻ ടാക്സികൾക്ക് മൂന്നാറിൽ നിന്ന് സഞ്ചാരികളെ കൊണ്ടു പോകുന്നതിന് അനുവാദമില്ലെന്നും കോടതി ഉത്തരവ് നിലനിൽക്കുകയാണെന്നും ഇവർ പറയുന്നു.