കട്ടപ്പന: സർക്കാർ ഖജനാവിൽ പണം ഉണ്ടാക്കുന്നതിനായി നിർമാണ ക്രമവൽക്കരണത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ പിന്തുണ നൽകിയ ഇടുക്കിയിലെ ഇടതു നേതാക്കളുടെ ജനവഞ്ചനയിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് വളയൽ സമരം സംഘടിപ്പിക്കുമെന്ന് ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും അറിയിച്ചു. സംസ്ഥാനത്തെ നിയമങ്ങൾ അനുസരിച്ച് നിർമിച്ചിട്ടുള്ള കെട്ടിടങ്ങൾ ക്രമവൽക്കരിക്കണമെന്ന ചട്ടഭേദഗതി സ്വാഭാവിക നീതിക്ക് വിരുദ്ധമാണ്. കേരളത്തിൽ മറ്റൊരു ജില്ലയിലും ഇല്ലാത്ത നിർമാണ നിരോധനവും ക്രമവൽക്കരണവും മലയോര ജനതയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് വിവേചനപരമായ നടപടിയാണ്. ജനപീഡനവും കൊള്ളയടിയും ലക്ഷ്യമാക്കി സർക്കാർ കൊണ്ടുവന്നിരിക്കുന്ന ചട്ട ഭേദഗതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കളക്ടറേറ്റ് വളയൽ സമരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ജംക്ഷനിൽ നിന്നും 10.30ന് മാർച്ച് ആരംഭിക്കും. യോഗത്തിൽ സി.പി. മാത്യു, പി.എം. സലിം, അബു ജോൺ, ജോസഫ് എ.കെ. മണി, കെ. പൗലോസ്, അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകൻ, സുരേഷ് ബാബു, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, അഡ്വ. ജോയ് തോമസ് തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.