 തന്ത്രങ്ങളുമായി പ്രധാന മുന്നണികൾ

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രാദേശിക തലത്തിൽ പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കി പ്രധാന മുന്നണികൾ. എൽ.ഡിഎഫ്- യു.ഡി.എഫ് മുന്നണികൾ വിവിധ യാത്രകൾ നടത്തിയാണ് പ്രചരണ പരിപാടികൾ നടത്തുന്നത്. രണ്ട് പരിപാടികളും പഞ്ചായത്ത് തലങ്ങൾ കേന്ദ്രീകരിച്ചാണ്. വികസിത പഞ്ചായത്ത് എന്ന പേരിൽ കേരളപ്പിറവി ദിനം മുതൽ എൻ.ഡി.എയും സജീവമാണ്. ജനമുന്നേറ്റ യാത്ര എന്ന പേരിൽ എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫ് കളം നിറഞ്ഞിരിക്കുകയാണ്. തൊട്ടു പിന്നാലെ ജാഥയുമായി കോൺഗ്രസും സജീവമാണ്.

എൽ.ഡി.എഫ്

ജനമുന്നേറ്റ യാത്ര

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിനായി പഞ്ചായത്ത് തലത്തിലാണ് യാത്ര. ഒന്ന് മുതൽ ആരംഭിച്ച പരിപാടി ഇന്ന് സമാപിക്കും. ഭൂ പ്രശ്നങ്ങളിലടക്കം സർക്കാർ സ്വീകരിച്ച നടപടികളും വികസന നേട്ടങ്ങളുമാണ് പ്രധാനമായും ജനങ്ങളിലേക്ക് എത്തിക്കുന്നത്. സ്ഥാനാർത്ഥികളെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്നത് സംബന്ധിച്ച് പ്രധാന ഘടക കക്ഷികൾക്കിടയിൽ ഏകദേശ ധാരണയായിട്ടുണ്ട്. സി.പി.ഐ, കേരള കോൺഗ്രസ്, എൻ.സി.പി അടക്കമുള്ള വലുതും ചെറുതുമായ മുഴുവൻ ഘടകകക്ഷികളും യാത്രയിലുണ്ട്.

യു.ഡി.എഫ് പ്രചരണം
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായാണ് കോൺഗ്രസിന്റെ പ്രചരണ പരിപാടികൾ. എങ്കിലും പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ ഉയത്തിക്കാട്ടിയാണ് പ്രചരണം. ഇതിന്റെ ഭാഗമായി മണ്ഡലം തലത്തിൽ യാത്രകൾ നടത്തുകയാണ്. സ്വാധീനമുള്ള സ്ഥലങ്ങളിൽ ഘടക കക്ഷിയായ മുസ്ലിം ലീഗ് യൂത്ത് ലീഗിനെ ഉപയോഗിച്ച് പ്രചരണ ജാഥകൾ നടത്തുന്നുണ്ട്. കേരള കോൺഗ്രസും മണ്ഡലതലത്തിൽ കുടുംബയോഗങ്ങൾ നടത്തിയിട്ടുണ്ട്. ഭൂ പ്രശ്നങ്ങൾ ഉന്നയിച്ച് ഇന്നലെ നടത്തിയ കളക്ട്രേറ്റ് മാർച്ച് യു.ഡി.എഫിന്റെ കൂട്ടായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേദിയായി.

ബി.ജെ.പി വികസിത പഞ്ചായത്ത്

ഒന്ന് മുതൽ 10 വരെ വികസിത പഞ്ചായത്ത് എന്ന പേരിലാണ് ബി.ജെ.പി പ്രചരണ സംഗമങ്ങൾ നടത്തുന്നത്. പ്രദേശിക തലത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് അഭിപ്രായം രൂപീകരിച്ച് വികസന രൂപരേഖ തയ്യാറാക്കും. ഇതനുസരിച്ചായിരിക്കും പ്രകടന പത്രിക തയ്യാറാക്കുക. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും വിവിധ പദ്ധതി ആനൂകൂല്യങ്ങളും ഉയർത്തിക്കാട്ടും. പ്രധാന ഘടക കക്ഷിയായ ബി.ഡി.ജെ.എസും പ്രചരണത്തിൽ സജീവമാണ്.

'തിരഞ്ഞെടുപ്പിനായുള്ള മുഴുവൻ തയ്യാറെടുപ്പുകളും എൽ.ഡി.എഫ് പൂർത്തീകരിച്ചു. ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മത്സരം. സർക്കാരിന്റെ വികസന നേട്ടങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണകരമാകും. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തീകരിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും"

-കെ. സലിംകുമാർ (എൽ.ഡി.എഫ് ജില്ലാ കൺവീനർ )

'തിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് പൂർണ സജ്ജം. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ നടക്കുകയാണ്. തർക്കങ്ങളില്ലാതെ പൂർത്തിയാക്കും. രാഷ്ട്രീയ സാഹചര്യങ്ങളും കാലാവസ്ഥയും യു.ഡി.എഫിന് അനുകൂലം"

-എം.ജെ. ജേക്കബ് ( യു.ഡി.എഫ് ജില്ലാ കൺവീനർ)

'തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. വിജ്ഞാപനം വന്നാൽ സ്ഥാനാത്ഥി പട്ടിക പ്രഖ്യാപിക്കും. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ജില്ലാ കമ്മിറ്റി നൽകുന്ന പട്ടികയ്ക്ക് എൻ.ഡി.എ സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയാൽ പരസ്യപ്രചരണം ആരംഭിക്കും"

-പ്രതീഷ് പ്രഭ (എൻ.ഡി.എ ജില്ലാ കൺവീനർ)