ഇടുക്കി: ജില്ലയിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാതല യോഗം ചേർന്നു. 'ഒരുമിക്കാം ആരോഗ്യത്തിനായി 'എന്ന ടാഗ് ലൈനോടു കൂടിയ പോസ്റ്റർ പ്രകാശനം കളക്ടർ നിർവഹിച്ചു. വൺ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. അജീഷ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി ജോസഫ് , ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ ഖയസ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി വാളന്റിയർമാർ, മെമ്പർമാർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സാമൂഹികാധിഷ്ഠിത നിരീക്ഷണസംവിധാനം നടപ്പിലാക്കുന്നത്. വിവിധ വകുപ്പ് പ്രതിനിധികൾ, കമ്മ്യൂണിറ്റി മെന്റർമാർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ശില്പശാലകൾ, മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്ത പഞ്ചായത്ത് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻസ്, ഫീൽഡ് തലത്തിലുള്ള ജീവനക്കാരെ ഉൾക്കൊള്ളിച്ചുകൊണ്ട് ജന്തുജന്യരോഗങ്ങളെ സംബന്ധിച്ച്, ബോധവൽക്കരണ പ്രവർത്തനങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. യോഗത്തിൽ സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി ജേക്കബ് ,ആരോഗ്യ വിഭാഗം ജീവനക്കാർ, ആരോഗ്യ കേരളം ജീവനക്കാർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.