പീരുമേട്: തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിറുത്തുമ്പോൾ ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ അവരുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രവർത്തകയോഗം തീരുമാനിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിലെ പ്രമുഖ ശക്തിയായ ഈഴവ സമുദായത്തെ അവഗണിച്ചു കൊണ്ട്സ്ഥാനാർത്ഥി നിർണ്ണയം നടത്തിയാൽ അവരെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ സ്വീകരിക്കാൻ പ്രവർത്തകയോഗം യൂണിയൻ നേതാക്കളെ ചുമതലപ്പെടുത്തി. യോഗത്തിൽ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ, പി.വി. സന്തോഷ് കുമാർ, കെ.ആർ. സദൻ രാജൻ, കെ. ഗോപി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സതീഷ് ലാൽ, സെക്രട്ടറി പ്രമോദ് ധനപാലൻ, കെ.ആർ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ. രാജൻ നന്ദിയും പറഞ്ഞു.