cardamom
ബസിൽ നിന്ന് പിടികൂടിയ ഏലക്ക

അടിമാലി :നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 9 ലക്ഷത്തോളം രൂപ വില വരുന്ന ഏലക്ക സ്വകാര്യ ബസ്സിൽ നിന്ന് ദേവികുളം ജി എസ് ടി എൻഫോർസ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ബുധനാഴ്ച്ച വൈകുന്നേരം 6.50 ന് നെടുംകണ്ടത്തു നിന്നും കണ്ണൂരിന് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 350 കിലോയോളം തൂക്കം വരുന്ന 7 ചാക്ക് ഏലക്കയാണ് ജി എസ് ടി സ്‌ക്വാഡ് പിടികൂടിയത്. എൻഫോർസ്‌മെന്റ് ഓഫീസർ കെ. എ നാസറിന്റെ നേതൃത്വത്തിൽ ഡപ്യൂട്ടി എൻഫോർസ്‌മെന്റ് ഓഫീസർസോജൻ തോമസ് , അസിസ്റ്റന്റ് ഇൻഫോർസ്‌മെന്റ് ഓഫീസർമാരായ അജ്മൽ, ജോസ് ടി മാനുവൽ ,ഡ്രൈവർ ജിബി ജോൺ എന്നിവർ അടങ്ങിയ സംഘമാണ് ഏലക്ക പിടികൂടിയത്. യാതൊരു രേഖയുമില്ലാതെ നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച ഏലയ്ക്കയ്ക്ക് ഉടമസ്ഥതർ ഇതുവരെ എത്തിയിട്ടില്ല. പിഴയും ഫൈനും ഉൾപ്പെടെ വൻ തുക അടക്കേണ്ടി വരുമെന്നതിനാൽ ഉടമസ്ഥതർ എത്തിയില്ലെങ്കിൽ 3 മാസം കഴിഞ്ഞ് ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുമെന്ന് അധികൃതർ അറിയിച്ചു.