കട്ടപ്പന: നഗരസഭാപരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജല അതോറിട്ടിയുടെ 63.6 കോടിയുടെ ബൃഹത് പദ്ധതിക്ക് തുടക്കമായി. കട്ടപ്പന കല്ലുകുന്നിലെ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണം ഇന്നലെ ആരംഭിച്ചു. കിഫ്ബിയിലൂടെ അനുവദിച്ച 43 കോടി രൂപയും അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിലുള്ള 20.6 കോടി രൂപയുമാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ 24ന് കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു. കുഴൽക്കിണർ പദ്ധതികൾ അപര്യാപ്തമായതിനാൽ എല്ലാ മേഖലകളിലും കുടിവെള്ളമെത്തിക്കാനായി ബൃഹത് പദ്ധതി ആവിഷ്‌കരിക്കാൻ മന്ത്രി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് ജല അതോറിട്ടിയാണ് പദ്ധതി വിഭാവനം ചെയ്തത്. ഇതിനായി കിഫ്ബിയിൽ നിന്നും അമൃത് പദ്ധതിയിൽ നിന്നുമായി തുക ലഭ്യമാക്കി. സുസ്ഥിര സ്രോതസായ ഇടുക്കി ജലാശയത്തിൽ നിന്ന് പമ്പ്‌ചെയ്യുന്ന വെള്ളം അഞ്ചുരുളിയിൽ നിർമ്മിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യും. നഗരസഭാപരിധിയിൽ കുടിവെള്ളം ലഭ്യമാക്കാനായി 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് കല്ലുകുന്നിൽ നിർമ്മിക്കുന്നത്. കൂടാതെ നരിയമ്പാറയിലെ ടാങ്കിന്റെ നിർമാണവും 62 കിലോമീറ്റർ ദൈർഘ്യത്തിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളും ഉടൻ തുടങ്ങും. പദ്ധതി പൂർത്തീകരിച്ച് ആദ്യഘട്ടത്തിൽ 7720 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകും. മറ്റ് സ്ഥലങ്ങളിൽ കൂടി പൈപ്പുകൾ സ്ഥാപിച്ച് മുഴുവൻ വീടുകൾക്കും കണക്ഷൻ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.