
കട്ടപ്പന: കട്ടപ്പനക്കാരുടെ സ്വപ്ന പദ്ധതിയായ തണലിടം ഓപ്പൺ പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. കട്ടപ്പന ബൈപ്പാസ് റോഡിൽ ഒരുങ്ങുന്ന തണലിടത്തിന്റെ ശിലാസ്ഥാപന അനാച്ഛാദനം അഡ്വ. ഡീൻ കുര്യാക്കോസ് എം. പി നിർവഹിച്ചു. കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽനിന്ന് 37 ലക്ഷവും നഗരസഭ 15 ലക്ഷവും ഉൾപ്പെടെ 52 ലക്ഷം രൂപയാണ് നിർമാണ ചെലവ്. മരങ്ങൾ നശിപ്പിക്കാതെ കല്ല് കെട്ടി സംരക്ഷിച്ച് ഇരിപ്പിടങ്ങൾ, പൂച്ചെടികൾ, സോളാർലൈറ്റ്, ക്യാമറ, കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം, കഫറ്റേരിയ എന്നിവയാണ് പദ്ധതിയിലുള്ളത്. ഇത് യാഥാർഥ്യമാകുന്നതോടെ കട്ടപ്പനയിൽ എത്തുന്നവർക്ക് സമയം ചെലവഴിക്കാൻ ഒരിടമില്ല എന്ന പ്രശ്നത്തിന് പരിഹാരമാകും. വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷയായി. ചെയർപേഴ്സൺ ബീന ടോമി, വൈസ് ചെയർമാൻ അഡ്വ.കെ.ജെ ബെന്നി, മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ സിബി പാറപ്പായിൽ, സിജു ചക്കുംമൂട്ടിൽ, ജോയി ആനിത്തോട്ടം, സിജോമോൻ ജോസ്, ഐബിമോൾ രാജൻ, ബീന സിബി, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പിൽ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി കുടക്കച്ചിറ എന്നിവർ സംസാരിച്ചു.
2024ആഗസ്റ്റ് 28ലെ കേരളകൗമുദി വാർത്തയിലൂടെ മേഖലയിലേ വെള്ളക്കെട്ടും മാലിന്യ നിക്ഷേപവും അതുവഴി ഉണ്ടാകുന്ന സാക്രമിക രോഗഭീഷണിയുമെല്ലാം അധികാരികളിൽ എത്തിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ നിരവധി പ്രതിഷേധങ്ങളും ഉയർന്നുവന്നു. പിന്നീട് ഒക്ടോബർ 31 ന് ഇവിടെയൊരു തണലിടം ഒരുക്കാം എന്ന പദ്ധതി അംഗീകരിക്കപ്പെട്ടു. തുടർന്ന് വിവിധ തർക്കങ്ങൾ ഉയർന്നു വന്നെങ്കിലും കടമ്പകൾ മറികടന്ന് പദ്ധതി ആരംഭിക്കുകയാണ്.