ചെറുതോണി: ജനങ്ങളെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കുന്നതിനുവേണ്ടിയാണ് പിണറായി സർക്കാർ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തതെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഇടതുപക്ഷ സർക്കാരിന്റെ ഭൂപതിവ് നിയമചട്ട ഭേദഗതികൾ അസാധുവാക്കി ചട്ടം മാത്രം ഭേദഗതി ചെയ്തു കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുകയും നിയമാനുസരണം നടത്തിയിട്ടുള്ള നിർമ്മാണങ്ങളെ നിരുപാധികം ക്രമവത്കരണത്തിൽ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷനായി. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പ്രൊഫ. എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി, അഡ്വ. എസ്. അശോകൻ, എ.പി. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.