ഉപ്പുതറ: ഈ വർഷത്തെ ഉജ്വല ബാല്യം പുരസ്‌കാരം മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ദീക്ഷാ സോഹാലി കരസ്ഥമാക്കി. പഠന കലാ സാഹിത്യ രംഗങ്ങളിൽ നേടിയ സമഗ്ര നേട്ടം പരിഗണിച്ചാണ് പുരസ്‌കാരം. കഴിഞ്ഞ വർഷം നടന്ന കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മാത്സ് ഫെയറിൽ വർക്കിങ്ങ് മോഡലിൽ എ ഗ്രേഡും, സംസ്ഥാന കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ എ ഗ്രേഡും നേടി. പത്താം ക്ലാസ് വരെ ഏലപ്പാറ ഹൈസ്‌കൂളിൽ പഠിച്ചു. ആ കാലയളവിലും സംസ്ഥാന തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡും സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയിൽ 94ശതമാനം മാർക്കു നേടി പഠനത്തിലും മികവു തെളിയിച്ചു. സ്‌കൗട്ട് ആന്റ് ഗൈഡിലും സജീവമായി പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ കട്ടപ്പന സബ്ജില്ലാ കലോത്സവത്തിലും തമിഴ് പദ്യം ചൊല്ലിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഏലപ്പാറ ബൊണാമിയിൽ രാജേന്ദ്രൻ -സോഫിയ ദമ്പതികളുടെ മൂത്ത മകളാണ് ദീക്ഷ. ഏലപ്പാറ സ്‌കൂളിൽ 10ാം ക്ലാസിൽ പഠിക്കുന്ന എലൻ ഷാഷാ ഏകസഹോദരിയാണ്. ജില്ലയിൽ നിന്നും ഈ പുരസ്‌കാരം നേടുന്ന ഏക വിദ്യാർത്ഥിനിയാണ് ദീക്ഷ. പുരസ്‌കാര നേട്ടത്തിൽ പി.ടി.എയും മാനേജ്‌മെന്റും ദീക്ഷയെ അനുമോദിച്ചു.