കട്ടപ്പന: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഓപ്പറേഷൻ ലൈഫ് സേഫ് ഫുഡ് അറ്റ് ഹോസ്റ്റൽ ആൻഡ് കോളജ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം അഞ്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തിയതിൽ 71 സ്ഥാപനങ്ങൾ പരിശോധിച്ചു. 22 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകി. ആറ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിന് നടപടി സ്വീകരിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഒൻപത് സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കായി ലാബിലേക്ക് അയച്ചു. ജില്ലാ അസിസ്റ്റന്റ് കമ്മിഷ്ണർ ബൈജു പി. ജോസഫിന്റ നിർദ്ദേശ പ്രകാരം രൂപീകരിച്ച സ്‌ക്വാഡുകൾക്ക് ഭക്ഷ്യസുരക്ഷ ഓഫീസർമാരായ ശരൺ, സൈജു കെ. രാമനാഥ്, ഡോ. സുമിൻ ജോസ്, ആൻ മരിയ, ഡോ. മിഥുൻ, ഡോ. രാകേന്ദു എന്നിവർ നേതൃത്വം നൽകി.