അടിമാലി: ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിൽ പ്രകോപിതനായി അടിമാലിയിൽ മദ്ധ്യവയസ്‌ക്കന്റെ പരാക്രമം. അടിമാലി മച്ചിപ്ലാവ് സ്വദേശി ഷിജു(49)വാണ് അക്രമം നടത്തിയത്. അടിമാലി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പ് ഇയാൾ തല്ലി തകർത്തതായാണ് പരാതി. ഫോൺ കടക്കുള്ളിൽ കുത്തിയിടാൻ കട ഉടമയായ ഡേവിഡ് സമ്മതിക്കാതെ വന്നതോടെയാണ് ഷിജു ആക്രമണം നടത്തിയത്. ഇഷ്ടിക കഷണം വെച്ച് കടയുടെ ചില്ല് തകർത്തു. അക്രമണത്തിനിടെ ചില്ല് ഷിജുവിന്റെ കൈയിൽ കുത്തി മുറിയുകയും കടയുടെ പരിസരപ്രദേശങ്ങളിൽ രക്തം വീഴുകയും ചെയ്തു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കടയിൽ നാശം വരുത്തിയതിൽ ഡേവിഡ് പൊലീസിൽ പരാതി നൽകി.