 പ്രതിഷേധം ഭയന്ന് ഗ്രൂപ്പ് മാനേജർമാരും നോമിനികളും


തൊടുപുഴ: തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിൽക്കൽ എത്തിയതോടെ സീറ്റിനായി അരയും തലയും മുറുക്കി യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം. വർഷങ്ങളായി മത്സരിക്കുന്നവർക്ക് വേണ്ടി അർഹരായ യുവാക്കളെ ഒഴിവാക്കിയാൽ മാറ്റി നിർത്തുന്നവർക്കെതിരെ പ്രതിഷേധത്തിന് താൻ നേതൃത്വം നൽകുമെന്നാണ് ജില്ലാ അദ്ധ്യക്ഷൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ വ്യക്തമാക്കിയിരിക്കുത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് തലം മുതൽ ജില്ലാ പഞ്ചായത്തിൽവരെ യുവാക്കൾക്ക് അവസരം വേണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. വ്യാഴാഴ്ച കട്ടപ്പനയിൽ നടന്ന ജില്ലാ പ്രവർത്തക കൺവെൻഷനിൽ ഇക്കാര്യം യുവനേതൃത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. അർഹരായ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കി ഡി.സി.സി നേതൃത്വത്തിന് നൽകാനാണ് തീരുമാനം. പട്ടികയിൽ ഭാരവാഹികളും മുൻ ഭാരവാഹികളും ഉൾപ്പെടുമെന്നാണ് സൂചന. കഴിവുള്ളവരെ ഭാരവാഹിയല്ല എന്ന പേരിൽ നേതൃത്വം തഴയാൻ പാടില്ലെന്ന നിലപാടാണ് യൂത്ത് കോൺഗ്രസിന്റേത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും

അവഗണിച്ചെന്ന വികാരം ശക്തം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുവ നേതൃത്വത്തിന് അർഹമായ പരിഗണന പാർട്ടി നൽകിയില്ലെന്ന വികാരം ശക്തമായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് അടക്കം അർഹതയുള്ളവരെ പരിഗണിക്കണമെന്ന് അന്നും ആവശ്യപ്പെട്ടിരുന്നെങ്കിലും ജനറൽ സീറ്റുകളിൽ മതിയായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. കിട്ടിയ സീറ്രുകളാകട്ടെ ജയസാധ്യതയില്ലാത്തതും. സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ചില യുവനേതാക്കൾക്ക് മാത്രമാണ് പ്രതിനിധ്യം ലഭിച്ചത്. അവസരം നൽകാമെന്ന ധ്വനി നൽകിയ ശേഷം നോമിനേഷൻ സമയത്ത് അവഗണിച്ചെന്ന വികാരവും അന്നുമുതൽ ശക്തമായിരുന്നു. ഗ്രൂപ്പ് മാനേജർമാരുടെ നോമിനികളായ ജനപ്രീതിയില്ലാത്ത മുതിർന്ന നേതാക്കളെ യൂത്ത് കോൺഗ്രസിന്റെ ന്യായമായ ആവശ്യം അവഗണിച്ചും രംഗത്തിറക്കിയാൽ പരസ്യ പ്രതികരണമുണ്ടാകുമോയെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

''അർഹതയുള്ള മുഴുവൻ യുവനേതാക്കൾക്കും മതിയായ പ്രാതിനിധ്യം നൽകണം. ഭാരവാഹിത്വമില്ലാത്ത യോഗ്യരെ അക്കാര്യം പറഞ്ഞ് മാറ്റി നിർത്തരുത്. യൂത്ത് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും എം.പിക്കും രണ്ട് ദിവസത്തിനുള്ളിൽ നൽകും'' ഫ്രാൻസിസ് അറയ്ക്കപറമ്പിൽ ( യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്)