തൊടുപുഴ:എസ്.ഐ.ആറിന്റെ ഭാഗമായ ബി.എൽ.ഒമാർ അവരുടെ ബൂത്തുകളിലാണ് വോട്ടർ പട്ടികയുടെ നടപടി ക്രമങ്ങൾ ചെയ്യേണ്ടത്. ജോലിയുമായി ബന്ധപ്പെട്ട് ജില്ലയുടെ വിദൂര സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയവർ വീട് വിട്ട് മാറേണ്ട അവസ്ഥയുണ്ട്. കുമളി, മൂന്നാർ പോലുള്ള സ്ഥലങ്ങളിലുള്ളവർ തൊടുപുഴയിലും തിരിച്ചും ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഇതോടെ പല കാര്യങ്ങൾ മൂലം കുടുംബത്തെ ഒപ്പം കൂട്ടിയവരും പ്രതിസന്ധിയിലാണ്. ഒരു വീട്ടിലെത്തി ഫോം നൽകി പൂരിപ്പിച്ച് തിരിച്ച് വാങ്ങിയാൽ മതിയെന്നാണ് കമ്മീഷൻ നിർദ്ദേശമെങ്കിലും പകൽ വീട്ടുകാർ ഇല്ലാത്ത വീടുകളിൽ രാത്രിയും കയറേണ്ട അവസ്ഥയാണ്. ജോലി സംബന്ധമായത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി മാറി നിൽക്കുന്നവരെ ഇതിനിടയ്ക്ക് വീണ്ടും നേരിൽ കണ്ട് ഫോം നൽകണം. ഒരു ബൂത്തിൽ ശരാശരി 300 വീടുകളിലായി 1200 പേരുണ്ടാകും. ഇവരെയെല്ലാം 30 ദിവസത്തിനുള്ളിൽ കണ്ട് ഫോം നൽകുകയെന്ന ദൗത്യമാണുള്ളത്. ഡ്യൂട്ടി ചെയ്യേണ്ടത് കടമയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്.ഐ.ആർ വേണ്ടിയിരുന്നില്ലെന്നതാണ്

ഡബിൾ ഡ്യൂട്ടിയിൽ

നിന്നും ഒഴിവാക്കി

തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം സമഗ്ര വോട്ടർ പട്ടിക പുതുക്കൽ കൂടി പ്രഖ്യാപിച്ചതോടെ ഇരട്ടിപ്പണിയായ തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ആശ്വാസം. ഇവരെ ഡബിൾ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. വ്യാഴാഴ്ചയാണ് ഉത്തരവിറങ്ങിയത്. രണ്ടിലും പങ്കാളികളാകേണ്ടി വന്നതോടെ ഇവർക്ക് ഇരട്ടിപ്പണിയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായിട്ടുള്ളവർ എസ്.ഐ. ആറിന്റെ കൂടി ഭാഗമാകേണ്ടി വന്നതാണ് ഇരട്ടി ജോലി ഭാരമായത്. പഞ്ചായത്ത് ഡ്യൂട്ടിക്കൊപ്പം എസ്.ഐ.ആർ ഡ്യൂട്ടിയും വന്നതോടെ വിശ്രമമില്ലാത്ത അവസ്ഥയിലായിരുന്നു കാര്യങ്ങൾ. നവംബർ 4 മുതൽ ഡിസംബർ 4വരെയാണ് എസ്.ഐ.ആർ ഡ്യൂട്ടി. രണ്ട് തരത്തിലുള്ള പ്രക്രിയയുടെ ഭാഗമായതിനാൽ ഇതിൽ ഏത് ഡ്യൂട്ടിയാണ് സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുകയെന്ന ആശങ്കയിലായിരുന്നു പലരും. സ്ഥിരം സർക്കാർ ജീവനക്കാർ തന്നെ ഡ്യൂട്ടി ചെയ്യണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം. മുൻ കാലങ്ങളിൽ ഈ പ്രക്രിയകളിൽ ആശാവർക്കർമാരെയും അംഗൻവാടി ടീച്ചർമാരെയും ഉൾപ്പെടുത്തിയിരുന്നു. ഇത്തവണ ഇവരിൽ നിന്നും ചുരുക്കം ചിലർ മാത്രമാണുള്ളത്. ഇതാണ് ജീവനക്കാരുടെ ജോലി ഭാരം വർധിപ്പിച്ച പ്രധാന ഘടകം. ഡബിൾ ഡ്യൂട്ടി ക്രമീകരണത്തിൽ വ്യാപക പരാതി ഉയർന്നതോടെ തദ്ദേശ സ്ഥാപനങ്ങൾ ഒഴിവാക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് നൽകിയതനുസരിച്ചാണ് ജീവനക്കാരെ അധിക ചുമതലയിൽ നിന്നും ഒഴിവാക്കിയത്. പകരം ജീവനക്കാരെ ഉടൻ നിയമിക്കുമെന്നും അധികൃതർ പറഞ്ഞു.