കട്ടപ്പന: ഉപ്പുതറ സി.എച്ച്സിയിലെ 18 ജീവനക്കാർക്ക് ഭക്ഷ്യവിഷബാധയേറ്റു. രണ്ട് പേർക്ക് കിടത്തിച്ചികിത്സയും നൽകി. വ്യാഴാഴ്ച ഉച്ചയോടെ കഴിച്ച മുട്ട പപ്സിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ആശുപത്രിയിലെ 40 ജീവനക്കാർക്ക് കഴിക്കാൻ മുട്ട പപ്സും ബനാന പപ്സും ചായയുമാണ് ഉപ്പുതറയിലെ സിറ്റി ബേക്കറിയിൽ നിന്ന് എത്തിച്ചത്. ബനാന പപ്സ് കഴിച്ചവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ മുട്ട പപ്സ് കഴിച്ച മെഡിക്കൽ ഓഫിസർ അടക്കമുള്ളവർക്ക് രാത്രിയോടെ വയറിളക്കമുണ്ടായി. വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിയശേഷവും പലർക്കും അസ്വസ്ഥതകൾ ഉണ്ടായി. അതേതുടർന്നാണ് രണ്ടുപേർക്ക് കിടത്തിച്ചികിത്സ നൽകിയത്. വിഷയം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഹെൽത്ത് സൂപ്പർവൈസർ കെ.ടി.ആന്റണി പറഞ്ഞു