കട്ടപ്പന :നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജല അതോറിറ്റിയുടെ പദ്ധതിക്ക് തുടക്കമായി. കല്ലുകുന്ന് ടോപ്പിൽ ടാങ്ക് നിർമിക്കുന്ന സ്ഥലത്തെ മണ്ണെടുപ്പ് ആരംഭിച്ചു. കിഫ്ബിയിലൂടെ അനുവദിച്ച 43 കോടി രൂപയും അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അനുവദിച്ച 20.6 കോടി രൂപയും പദ്ധതിക്കായി ചെലവഴിക്കും. 62 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിച്ച് ആദ്യഘട്ടത്തിൽ 4,000 കുടിവെള്ള കണക്ഷനുകൾ നൽകുകയാണ് ലക്ഷ്യം.
ഇടുക്കി ജലാശയത്തിൽനിന്ന് വെള്ളം പമ്പ്‌ചെയ്ത് അഞ്ചുരുളിയിൽ നിർമിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നരിയമ്പാറയിലെ ടാങ്കിന്റെ നിർമാണവും വിതരണ പൈപ്പ് സ്ഥാപിക്കൽ ജോലികളും ഉടൻ ആരംഭിക്കും. 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് കല്ലുകുന്നിൽ നിർമിക്കുന്നത്.