
മൂന്നാർ: ജീവിച്ചിരുന്നുവെങ്കിൽ അവർക്ക് ഇപ്പോൾ 54, 56 വയസുണ്ടാകുമായിരുന്നു.എന്നാൽ, ബന്ധുമിത്രാദികൾക്ക് അവർ ഇപ്പൊഴും കുട്ടികൾ. മിഠായിയും, നെല്ലിക്കയും റിബ്ബണും വളകളും തുടങ്ങി കുട്ടികൾ ഇഷ്ടപ്പെട്ടിരുന്നവയുമാണ് ഓർമ്മ ദിനത്തിൽ ബന്ധുക്കൾ എത്തിയത്.1984 നവംബർ 7 ന് മൂന്നാർ ഹൈറേഞ്ച് ക്ലബ്ബിന് സമീപത്തെ തൂക്ക് പാലം തകർന്ന് 14 കുട്ടികൾ മരിച്ചതിന്റെ വാർഷിക ദിനത്തിലാണ് ബന്ധുക്കൾ മിഠായിയും മറ്റുമായി എത്തിയത്. ഹൈറേഞ്ച് ക്ലബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാൻ ഓടിയെത്തിയതായിരുന്നു മൂന്നാർ ഗവ: ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ. വലിയ തോതിൽ കുട്ടികൾ എത്തിയതോടെ ഭാരം താങ്ങാനാകാതെ തൂക്കം പാലം തകർന്ന് കുട്ടികൾ മുതിരപ്പുഴയാറിൽ വീഴുകയായിരുന്നു. മൂന്നാർ ജി വി എച്ച് എസ് എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പാലം തകർന്ന ഇടത്തെ സ്മാരകത്തിൽ മെഴുക് തിരി തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഡോ.എസ്.ജയലക്ഷ്മി, പ്രിൻസിപ്പൾ ആർ.ലക്ഷ്മി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എം. ജെ ബാബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എ ഇ ഒ സി ശരവണൻ, എ ടി പി എസ് ഹെഡ്മാസ്റ്റർ വി ഷൺമുഖവേൽ, ജി എൽ പി എസ് ഹെഡ്മാസ്റ്റർ ലിസി ടി എബ്രഹാം,ജി മോഹൻകുമാർ, എസ് സജീവ്, എം വിശ്വനാഥ്, കെ സുബ്രമണ്യൻ, ദാവിദ് രാജ്, പി .ഗീത,പി.ടി.എ വൈസ് പ്രസിഡന്റ് തങ്കപ്പാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി.