തൊടുപുഴ: ജില്ലയിൽ നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിൽ. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് നൂറോളം പേരാണ്. ഈ വർഷം ഇതുവരെ 5249 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. തെരുവ് നായ്ക്കളടക്കമുള്ളവയുടെ കണക്കാണിത്. കുട്ടികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ ഇരകളാകുന്നത്. പലയിടങ്ങളിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ പാതകളിൽ കൂടി സഞ്ചരിക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലോടെ ജില്ലയിലും തെരുവുനായ ശല്യത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെങ്കിലും എബിസി സെന്റർ നിർമാണം വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിച്ചിട്ടും ഇവയുടെ നിയന്ത്രണത്തിൽ അധികൃതർ മെല്ലെപ്പോക്ക് കാട്ടുന്നത് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലയിൽ നഗര, ഗ്രാമീണ മേഖലകൾ കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തെരുവു നായകളുടെ ശല്യം അനിയന്ത്രിതമാണ്. പല പഞ്ചായത്തുകളുടെയും നിരത്തുകളിൽ നായ്ശല്യം വർദ്ധിക്കുമ്പോൾ അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വരുമെങ്കിലും തങ്ങൾ നിസഹായരാണെന്ന് പറഞ്ഞ് ഇവർ കൈയൊഴിയും. തെരുവു നായ നിയന്ത്രണത്തിന് ജില്ലയിൽ ഒരു നടപടിയും ഉണ്ടാകാത്തതാണ് ഇവിടെ ഇവ പെരുകാൻ കാരണമെന്നാണ് ആക്ഷേപം.

എ.ബി.സി സെന്റർ കടലാസിലൊതുങ്ങി

ആനിമൽ ബർത്ത് കൺട്രോൾ പ്രകാരം നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കുന്ന എ.ബി.സി സെന്റർ നിർമ്മാണം പൂർത്തിയായിട്ടില്ല. കുയിലിമലയിൽ ജില്ലാ പഞ്ചായത്ത് വിട്ടു നൽകിയ അരയേക്കർ സ്ഥലത്താണ് നായ്ക്കളുടെ വന്ധ്യംകരണത്തിനും മറ്റുമായുള്ള എ.ബി.സി സെന്റർ നിർമിക്കുന്നത്. ഇതിനായി മൂന്നര കോടിയാണ് വകയിരുത്തിയിരിക്കുന്നത്. സെന്ററിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും 70 ശതമാനം പൂർത്തിയായതായും അധികൃതർ പറയുന്നു. എ.ബി.സി സെന്റർ നിർമ്മാണം പൂർത്തിയായാൽ തദ്ദേശ സ്ഥാപനങ്ങളിൽ അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കളെ പിടികൂടി ഇവിടേയ്ക്ക് മാറ്റും.

തെരുവ് നായ്ക്കൾ 7375

ജില്ലയിൽ 7375 തെരുവ് നായ്ക്കളുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ. കന്നുകാലി സെൻസസിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് നടത്തിയ 2019 ലെ തെരുവ് നായ്ക്കളുടെ വിവര ശേഖരണത്തിലെ കണക്കാണിത്. ആറു വർഷം പിന്നിട്ടതിനാൽ തെരുവു നായ്ക്കളുടെ എണ്ണം 10,000 കടന്നിരിക്കാമെന്നാണ് നിഗമനം. 2025 ഏപ്രിൽ 15 ന് പുതിയ ലൈവ് സ്‌റ്റോക്ക് സെൻസസ് പൂർത്തിയാക്കിയിട്ടുണ്ട്. ശേഖരിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ പോർട്ടലിലേക്ക് അയച്ചിട്ടുണ്ട്. അന്തിമ റിപോർട്ട് പ്രസിദ്ധീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്.