തൊടുപുഴ: പ്രതിസന്ധികൾക്ക് പരിഹാരം കാണാതെ വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകളിൽ നിന്ന് അധികാരികൾ പിന്മാറണമെന്ന്
കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്.ഐ.ആർ, ബി.എൽ.ഒ, പ്രീ സെൻസസ് മുതലായ ജോലികൾ ഒരുമിച്ച് അദ്ധ്യാപകരെ ഏൽപ്പിക്കുന്നത് മൂലം രണ്ടാം ടേം പരീക്ഷ അടുത്തിരിക്കുന്ന സമയത്ത് സ്‌കൂളുകളിൽ അദ്ധ്യാപകരില്ല. ഈ സാഹചര്യങ്ങൾ മുന്നിൽകണ്ട് നേരത്തെ താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിന് ഉത്തരവിറക്കിയിരുന്നെങ്കിൽ കുട്ടികളുടെ പഠന നിലവാരത്തെ ബാധിക്കാതെ നടപ്പിലാക്കാൻ സാധിക്കുമായിരുന്നു. പ്രീ സെൻസസുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളിലെ തന്നെ പകുതിയോളം അദ്ധ്യാപകരെ നിയമിച്ചിരിക്കുകയാണ്. ഇതോടൊപ്പ എസ്.ഐ.ആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ധ്യാപകരെ നിയമിക്കുമ്പോൾ ഇത്തരം സ്‌കൂളുകളുടെ പ്രവർത്തനം അവതാളത്തിലാവുകയാണ്. കലോത്സവങ്ങളും രണ്ടാം ടേം പരീക്ഷകളും അടുത്തിരിക്കുന്ന കാലഘട്ടത്തിൽ അദ്ധ്യാപകരെ സ്‌കൂളുകളിൽ നിന്ന് ഒഴിവാക്കുന്നത് വിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി പി.എം. നാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജോയ് മാത്യു ജോർജ്, ജേക്കബ് അറ്റ്ലി വി.കെ, ജില്ലാ സെക്രട്ടറി സുനിൽ ടി. തോമസ്, ട്രഷറർ ഷിന്റോ ജോർജ്, സംസ്ഥാന ഭാരവാഹികളായ സജി മാത്യു, ശിവകുമാർ ടി., ജോസ് കെ. സെബാസ്റ്റ്യൻ, ജെ. ബാൽ മണി എന്നിവർ പ്രസംഗിച്ചു.