കോടിക്കുളം: കിഫ്ബി പദ്ധതിയിലൂടെ ജില്ലയിൽ സമാനതകളില്ലാത്ത വികസനം നടന്നതായി ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന മുന്നേറ്റ കാൽനടജാഥ കൊടുവേലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 260 സ്‌കൂൾ കെട്ടിടങ്ങൾ ഹൈടെക്കാക്കി മാറ്റാൻ കഴിഞ്ഞു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള സേവന മേഖലയിൽ 180 കോടി രൂപ ചെലവഴിച്ചു. അടിസ്ഥാന വികസനമേഖലയിൽ ഉൾപ്പെടുത്തി ഒട്ടനവധി റോഡുകൾ ഏറ്റെടുക്കുകയും നവീകരിക്കുകയും പൂർത്തീകരിക്കുകയും ചെയ്തതായി ജോർജ് അഗസ്റ്റിൻ പറഞ്ഞു. കിഫ്ബി ആരംഭിച്ചിട്ട് 25 വർഷമായെങ്കിലും കഴിഞ്ഞ 10 വർഷമായിട്ടാണ് ഇതുവഴിയുള്ള പദ്ധതികൾ കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. പി.വി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ എം.പി. ധർമ്മരാജൻ, പി.എസ്. സുരേഷ്, സാബു കേശവൻ, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. സോണി സോമി സ്വാഗതവും പ്രസാദ് കുറുമ്മാത്ത് നന്ദിയും പറഞ്ഞു.