കട്ടപ്പന: നഗരത്തിൽ കാർ നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിലിടിച്ചു. ആർക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബാലാ ആശുപത്രിക്കു സമീപമായിരുന്നു അപകടം. മാരുതി 800 കാർ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ബാലാ ആശുപത്രി റോഡ് വഴി പുളിയന്മല റൂട്ടിലെത്തിയപ്പോൾ രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. പെട്ടെന്ന് പിന്നോട്ട് നിരങ്ങി നീങ്ങിയ കാർ നഗരസഭ സ്ഥാപിച്ച ബോട്ടിൽ ബൂത്തും ഇടിച്ചുതകർത്തു. കാർ പിന്നോട്ടുവരുന്നത് കണ്ട് കാൽനടയാത്രികർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഡ്രൈവർ മദ്യലഹരിയിലായിരുന്നതായി വിവരമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.