പീരുമേട്: സംസ്ഥാന സർക്കാരിന്റെ കളിക്കളം പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച വണ്ടിപ്പെരിയാർ പഞ്ചായത്ത് വാഴൂർ സോമൻ സ്മാരക സ്റ്റേഡിയം കായിക മത്സരത്തിനായി തുറന്നു നൽകി. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ അദ്ധ്യക്ഷയായിരുന്നു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായിട്ടാണ് മിനി സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വാഴൂർ സോമൻ എം.എൽ.എയുടെ ശ്രമഫലമായാണ് സ്റ്റേഡിയം യാഥാർത്ഥ്യമായത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സർക്കാർ പദ്ധതിയിൽ നിന്നും 50 ലക്ഷം രൂപവീതം ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്.
തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നിരവധി കായിക താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. കായികമേഖലയ്ക്ക് കൂടുതൽ കരുത്തേകാൻ മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക രീതിയിലാക്കി നാടിന് സമർപ്പിക്കണമെന്നത് വാഴൂർ സോമൻ എം.എൽ.എയുടെ സ്വപ്നമായിരുന്നു. ഉദ്ഘാടന യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.പി. രാജേന്ദ്രൻ, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സെൽവത്തായി, പി.എം. നൗഷാദ്, പി. മാലതി, ഷീലാ കുളത്തിങ്കൽ, എം. ഗണേശൻ എന്നിവർ സംസാരിച്ചു. ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.