ഉടുമ്പന്നൂർ: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്ത ഉടുമ്പന്നൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് ഭരണ സമിതിയുടെ വികസന വിരുദ്ധ ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഉടുമ്പന്നൂർ പഞ്ചായത്ത് കമ്മിറ്റി ജനമുന്നേറ്റ പദയാത്ര നടത്തി. ഉടുമ്പന്നൂരിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്റർ, കളിക്കളം, പൊതുശ്മശാനം, ടാക്സി സ്റ്റാന്റ്, റോഡ് വികസനവുമായി ബന്ധപ്പെട്ട് ടൗണിൽ പുതുക്കി പണിത കെട്ടിടങ്ങൾക്ക് നമ്പർ നൽകൽ, വീടില്ലാത്ത എല്ലാവർക്കും വീട്, ഗ്രാമീണ റോഡുകളുടെ നവീകരണം, ബഡ്സ് സ്‌കൂൾ തുടങ്ങിയ വാഗ്ദാനങ്ങൾ ഒന്നും എൽ.ഡി.എഫ് സമിതിക്ക് നടപ്പിലാക്കാനായില്ലെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റിയാസും ജനറൽ സെക്രട്ടറി അഫ്സൽ ഷംസുദ്ദീനും ചേർന്ന് നയിച്ച പദയാത്ര ഇടമറുകിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ടി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. മങ്കുഴി, അമയപ്ര, ഉടുമ്പന്നൂർ ടൗൺ, എന്നിവിടങ്ങളിൽ സഞ്ചരിച്ച് പറേകവലയിൽ സമാപിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എൻ സീതി മുഖ്യപ്രഭാഷണം നടത്തി. പി.എൻ. നൗഷാദ്, എ.എം. സുബൈർ, ഷിജാസ് കാരകുന്നേൽ, എ.കെ. ഹാലിദ്, ആസാദ് സിദ്ദീഖ് എന്നിവർ സംസാരിച്ചു.