ഇടുക്കി: ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കളെ പങ്കെടുപ്പിച്ച് 10 മുതൽ 12 വരെ ത്രിദിന മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിക്കും. തൊടുപുഴയിൽ നിന്ന് ആരംഭിച്ച് ചെറുതോണിയിൽ അവസാനിക്കുന്ന റാലി പര്യടനം നടത്തി വരുന്ന ജില്ലയിലെ വിവിധയിടങ്ങളിൽ എസ്.പി.സി വിദ്യാർത്ഥികളും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും പൊതു ജനങ്ങളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും. അവബോധ ക്ലാസുകളും ഫ്ലാഷ് മോബുകളും അവതരിപ്പിക്കും. പത്തിന് രാവിലെ ഒമ്പതിന് തൊടുപുഴ മങ്ങാട്ടുകവലയിൽ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു റാലി ഫ്ളാഗ് ഒഫ് ചെയ്യും. തുടർന്ന് കാളിയാർ- വണ്ണപ്പുറം- കഞ്ഞിക്കുഴി- ചേലച്ചുവട്- അടിമാലി വഴി വൈകിട്ട് മൂന്നാറിൽ എത്തും. 11ന് രാവിലെ എട്ടരയ്ക്ക് മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന റാലി പൂപ്പാറ-രാജാക്കാട്‌- ചെമ്മണ്ണാർ- ഉടുമ്പൻചോല- നെടുങ്കണ്ടം- തൂക്കുപാലം- പുളിയൻമല- അണക്കര വഴി വൈകിട്ട് കുമളിയിൽ എത്തും. 12ന് രാവിലെ എട്ടരയ്ക്ക് കുമളിയിൽ നിന്ന് ആരംഭിക്കുന്ന റാലി വണ്ടിപ്പെരിയാർ- പീരുമേട്- കുട്ടിക്കാനം- ഏലപ്പാറ- വാഗമൺ- ഉപ്പുതറ- കട്ടപ്പന- തങ്കമണി വഴി വൈകിട്ട് ചെറുതോണിയിലെത്തി സമാപിക്കും. ചെറുതോണി പുതിയ ബസ് സ്റ്റാൻഡിൽ സമാപനസമ്മേളനം നടക്കും.