കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവിലാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കിയത്. 50 ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ഫണ്ടും 50 ലക്ഷം രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും വിനിയോഗിച്ചാണ് സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്. വനിതാ വികസന കോർപ്പറേഷൻ ലോൺ മേളയുടെ ഉദ്ഘാടനവും യോഗത്തിൽ എം.എം. മണി എം.എൽ.എ നിർവഹിച്ചു. വായ്പാ പദ്ധതിയുടെ ഭാഗമായി 1.73 കോടി രൂപയുടെ ചെക്ക് എം.എം. മണി എം.എൽ.എ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർ പേഴ്സൺ സനിലാ ഷാജിക്ക് കൈമാറി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, ത്രിതലപഞ്ചായത്തംഗങ്ങളായ ലാലിച്ചൻ വെള്ളക്കട, ജിൻസൺ വർക്കി, ജെയ്നമ്മ ബേബി, മിനി സുകുമാരൻ, ജിഷാ ഷാജി, ജോസുകുട്ടി അരീപ്പറമ്പിൽ, സോണിയ മാത്യു, ജോസുകുട്ടി കണ്ണമുണ്ടയിൽ, വനിത വികസന കോർപ്പറേഷൻ ബോർഡ് ഡയറക്ടർ ഷൈല സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.