മൂന്നാർ: മൂന്നാറിൽ വഴിയോര വിൽപ്പനശാലകളിൽ മോഷണം തുടരുന്നു. കഴിഞ്ഞ ദിവസം മൂന്നാർ- മാട്ടുപ്പെട്ടി റോഡിൽ ഫ്ളവർ ഗാർഡന് സമീപം വഴിയോര വിൽപ്പന ശാലകളിൽ മോഷണം നടന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ കന്നിമല എസ്റ്റേറ്റ് ഭാഗത്തുള്ള വഴിയോര കടയിലും മോഷണം നടന്നുവെന്ന പരാതി ഉയർന്നിട്ടുള്ളത്. കടലാർ സ്വദേശിനിയായ വീട്ടമ്മ നടത്തി വന്നിരുന്ന കടയിലാണ് മോഷണം നടന്നിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിന് ശേഷം വീട്ടമ്മയെത്തി കട തുറന്നപ്പോഴാണ് കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും മറ്റും മോഷണം പോയ വിവരം അറിയുന്നത്. മൂന്നാർ മേഖലയിലെ വഴിയോര വിൽപ്പന ശാലകളിൽ മോഷണം വർദ്ധിച്ച് വരുന്നത് കടയുടമകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കുറേ നാളുകൾക്ക് മുമ്പും സമാന സ്ഥിതിയുണ്ടായിരുന്നു. ചിലർ ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. രാത്രികാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യം.