
കണ്ണൂർ : ജില്ലിയിൽ സ്ഥിരം ജോലി ചെയ്യുമ്പോളും നിയമനാംഗീകാരം ലഭിക്കാതെ വലിയൊരു വിഭാഗം അദ്ധ്യാപകർ. മുന്നൂറിലധികം പേരാണ് നിയമന അംഗീകാരത്തിനായി ഇന്നും കാത്തുനിൽക്കുന്നത്. അനൗദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം അദ്ധ്യാപകർ അംഗീകാരം കാത്തുനിൽക്കുന്നതും കണ്ണൂർ ജില്ലയിലാണ്. മതിയായ വിദ്യാർത്ഥികളില്ലെന്നതാണ് ഇവരുടെ നിയമനം അംഗീകരിക്കപ്പെടാത്തതിന് പിന്നിൽ.
ജില്ലയിൽ മുന്നൂറിലേറെ അദ്ധ്യാപകർ ഇത്തരത്തിൽ ജോലി ചെയ്യുന്നുണ്ട്. പത്ത് സ്‌കൂളുകൾ പൂർണമായും പ്രവർത്തിക്കുന്നത് തന്നെ അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ സേവനത്തോടെയാണ്. ഇവരെല്ലാം ദിവസവേതനക്കാരാണ്. 2011 മുതലാണ് എയിഡഡ് സ്‌കൂളുകളിലെ നിയമന അംഗീകാരം നിർത്തിവെച്ചത്.രാജി, വിരമിക്കൽ, മരണം ,പ്രൊമോഷൻ തുടങ്ങിയ കാരണത്താലുണ്ടാകുന്ന സ്ഥിരം ഒഴിവുകളിൽ നിയമിക്കപ്പെട്ടിട്ടും മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താൽ ശമ്പളവും ആന്യകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവരാണിവർ.
പരിഹാരം പലതവണ ഉറപ്പുനൽകി
സർക്കാറിന്റെ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ഇത്തരം അദ്ധ്യാപകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകാലത്തും ഉറപ്പു ലഭിച്ചതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് ഇവരുടെ ആരോപണം. നിലവിൽ ഒരേ സ്‌കൂളിലെ കുറച്ചുപേർ ശമ്പള സ്‌കെയിലിലും മറ്റുള്ളവർ ദിവസക്കൂലിക്കാരായും ജോലി ചെയ്യേണ്ടി വരികയാണ്. വിദ്യാർത്ഥികൾ കുറഞ്ഞതിന് ശേഷം സ്‌കൂളുകളിൽ ചേർന്നവർക്കാണ് ഈ പ്രശ്നം. നേരത്തേ ജോലി ചെയ്തുവരുന്ന അദ്ധ്യാപകർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുമുണ്ട്.
ഏഴുമാസത്തെ വേതനകുടിശ്ശികയും
കൊവിഡ് കാലത്ത് മറ്റ് അദ്ധ്യാപകർക്കെല്ലാം കൃത്യമായി ശമ്പളം ലഭിച്ചപ്പോൾ ഈ വിഭാഗത്തിന്റെ ശമ്പളം മുടങ്ങി. പിന്നീട് സമരം നടത്തിയതിന് പിന്നാലെ കുറച്ചുമാസത്തെ വേതനം ലഭിച്ചു. ഏഴുമാസത്തെ ശമ്പളം ഇപ്പോഴും കുടിശ്ശികയായി കിടക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സമരമിരിക്കാനാണ് ഇവരുടെ തീരുമാനം.ദിവസവേതനക്കാരായതിനാൽ കൂടുതൽ അവധികളുള്ള മാസങ്ങളിൽ ചെലവിനുള്ള വരുമാനം പോലും ലഭിക്കാറില്ലെന്നതും ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.