
കണ്ണൂർ:ഭാര്യയെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്നുണ്ടായ പരിശോധനയിൽ കണ്ണൂർ സെൻട്രൽ ജയിലിലെ കാപ്പ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു.ഒന്നാം ബ്ളോക്കിലെ ഗോപകുമാർ എന്ന തടവുകാരനിൽ നിന്ന് ഫോൺ പിടികൂടിയത്.ഇയാൾ കഴിഞ്ഞ ദിവസം ഭാര്യയായ ആമ്പല്ലൂർ സ്വദേശിനിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.തുടർന്ന് യുവതി ഫോൺ കാളിന്റെ റെക്കോർഡ് ചെയ്ത തെളിവുൾ സഹിതം ജയിൽ സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.ജയിലിനകത്തേക്ക് ലഹരി എത്തിക്കുന്നതിനും പണത്തിനും വേണ്ടിയാണ് ഇയാൾ യുവതിയെ വിളിച്ചതെന്നാണ് വിവരം.സെൻട്രൽ ജയിൽ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.കഴിഞ്ഞ അഞ്ചു മാസമായി സെൻട്രൽ ജയിലിൽ തുടരുന്ന ഗോപകുമാറിനെതിരെ 15 കേസുകൾ നിലവിലുള്ളതായും പൊലീസ് പറഞ്ഞു.ഇയാളെ പത്താം ബ്ളോക്കിലേക്ക് മാറ്റുകയും ചെയ്തു.ഫോൺ കാളിന്റെ റെക്കോഡും സ്ക്രീൻ ഷോട്ടുകളും സാമൂഹിക മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്.നിരവധി തവണ ജയിലിൽ നിന്നും ഫോണുകൾ പിടികൂടിയിരുന്നെങ്കിലും ഇതാദ്യമായാണ് കൃത്യമായ തെളിവുകൾ സഹിതം ഒരാൾ പിടിയിലാകുന്നത്.