police

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വന്തം താലൂക്കിലെ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന എസ്.ഐ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന നിർദ്ദേശം പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപം. ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റത്തിൽ നിന്നും മാറ്റിനിർത്തിയതുമായി ബന്ധപ്പെട്ട് സേനയ്ക്കുള്ളിൽ അമർഷം പുകയുയാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനത്ത് പൊലീസ് സേനയിൽ രണ്ടാഴ്ച മുമ്പ് സ്ഥലം മാറ്റം നടന്നത്. എന്നാൽ കണ്ണൂർ ജില്ലയിൽ ഇത് പൂർണമായി പാലിക്കപ്പെടാത്ത സ്ഥിതിയുണ്ട്. ചിലരെ തൊടാതെയുള്ള സ്ഥലം മാറ്റത്തിൽ കടുത്ത പ്രതിഷേധമുണ്ടായതിനെ തുടർന്ന് ആറ് ഉദ്യോഗസ്ഥർക്ക് കൂടി ഇന്നലെ സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. എന്നാൽ അപ്പോഴും സ്വന്തം താലൂക്കിലെ സ്റ്റേഷനുകളിൽ തന്നെ ജോലി ചെയ്യുന്ന കുറച്ച് ഓഫീസർമാർ ലിസ്റ്റിൽ പെടാതെ നിൽക്കുകയാണ്.

കണ്ണൂർ ജില്ലയിൽ 26 സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും എസ്.ഐമാർക്കുമാണ് തിരഞ്ഞെുപ്പ് മുൻനിർത്തി സ്ഥലംമാറ്റം ലഭിച്ചത്. എന്നാൽ സിറ്റി ,റൂറൽ പരിധികളിലെ പ്രധാന സ്റ്റേഷനുകളിലായി പത്തിലേറെ ഉദ്യോഗസ്ഥർ സ്വന്തം താലൂക്കുകളിലെ സ്റ്റേഷനുകളിൽ തന്നെ തുടരുന്നതായാണ് വിവരം. ഇതിൽ എസ്.എച്ച്.ഒമാരും എസ്.ഐ മാരും പെടും. ഇവരുടെ പേര് വിവരങ്ങൾ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് വന്ന ഉത്തരവിലോ പട്ടികയിലോ ഉൾപ്പെട്ടിട്ടില്ല. ഇത് പക്ഷപാതിത്വപരമാണെന്നും പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവർ അതത് സ്ഥലങ്ങളിൽ തുടരുന്നതെന്നാണ് പ്രധാന വിമർശനം.സ്ഥലംമാറ്റം നടത്തും മുമ്പ് കൃത്യമായ പരിശോധന നടക്കാത്തതിൽ വിവിധ തലങ്ങളിൽ പരാതികൾ നൽകിയതായും വിവരമുണ്ട്.

അഴിച്ചുപണി തിരഞ്ഞെടുപ്പ് സുഗമമാക്കാൻ

തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംസ്ഥാന പൊലീസിൽ അഴിച്ചുപണിയുണ്ടാകുന്നത് പ്രധാനമായും തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുന്നതിന് വേണ്ടിയാണ്. പ്രദേശവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരാകുമ്പോൾ ഇലക്ഷന്റെ സുതാര്യമായ നടത്തിപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന പൊലീസിന് ഇങ്ങനെയൊരു നിർദ്ദേശം നൽകുന്നത്. മുൻകാലങ്ങളിലും തിരഞ്ഞെടുപ്പുകളുടെ ഭാഗമായി സമാന ക്രമീകരണങ്ങൾ നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്നതാണ് ചില ഓഫീസർമാരെ ഒഴിവാക്കിയുള്ള സ്ഥലംമാറ്റമെന്നാണ് പ്രധാന വിമർശനം.