screenshot

കാപ്പ തടവുകാരൻ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഫോൺ കണ്ടെത്തി

കണ്ണൂർ: കാപ്പ തടവുകാരൻ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോൺ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ സ്വദേശിനി ജയിൽ സൂപ്രണ്ടിന് നൽകിയ പരാതിയെ തുട‌ർന്നാണ് കാപ്പ തടവുകാരൻ ഗോപകുമാർ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തിയത്. കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് തുടങ്ങിയ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാവീഴ്ച ഇപ്പോഴും തുടരുന്നുവെന്നതിന്റെ തെളിവായി ഫോൺ കണ്ടെത്തിയ സംഭവം.

ജയിലിനകത്തേക്ക് ലഹരിയെത്തിക്കുന്നതിനും ക്വട്ടേഷൻ ഇടപാടുകൾ നടത്തുന്നതിനും കുപ്രസിദ്ധ തടവുപുള്ളികളടക്കം ഫോണുകൾ ഉപയോഗിക്കുന്നതായി ജയിൽ സുരക്ഷയെ സംബന്ധിച്ച് സമീപകാലത്ത് മുൻ ജയിൽ ഡി.ജി.പി അടങ്ങിയ അന്വേഷണകമ്മിഷൻ കണ്ടെത്തിയിരുന്നു. തുടർന്ന് നിരവധി തവണ പരിശോധന നടത്തിയ ഫോണുകൾ കണ്ടെടുത്തതുമാണ്. ജയിലിലേക്ക് ലഹരി എറിഞ്ഞുകൊടുത്ത സംഭവത്തിൽ മൂന്നുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തതും ഈയിടെയാണ്.

ഇന്നലെ പിടികൂടിയ ഫോൺ പരിശോധിച്ചപ്പോൾ കഴിഞ്ഞ അഞ്ച് മാസമായി ജയിലിലുള്ള ഗോപകുമാർ നിരവധി തവണ ഭാര്യയേയും മറ്റ് പലരേയും ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ഫോണിലേക്ക് കാളുകളും വന്നിട്ടുണ്ട്. പരാതിക്കിടയാക്കിയ കാൾ തന്നെ 17 മിനുട്ട് നീണ്ടുനിന്നിരുന്നുവെന്നതിൽ നിന്നും ജയിൽ സുരക്ഷ എത്രത്തോളം അവതാളത്തിലാണെന്ന് ബോദ്ധ്യപ്പെടും. ഭാര്യയോട് വളരെ ഉയർന്ന ശബ്ദത്തിലാണ് ഈയാൾ സംസാരിച്ചിട്ടുള്ളത്. എന്നിട്ടും ഇത് ശ്രദ്ധയിൽപെടാതെ പോയത് ഉദ്യോഗസ്ഥരുടെ വീഴ്ചയായാണ് പൊതുവേയുള്ള വിലയിരുത്തൽ.ഈ ഫോൺ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

കൈയോടെ പിടികൂടുന്നത് ഇതാദ്യം

സുരക്ഷ വീഴ്ചയുടെ പേരിൽ പഴി കേൾക്കുന്നുണ്ടെങ്കിലും ആദ്യമായി തെളിവുകൾ കിട്ടിയ ആശ്വാസത്തിലാണ് ജയിൽ അധികൃതർ. ഇതിന് മുമ്പ് നിരവധി തവണ ജയിലിൽ നിന്ന് ഫോണുകൾ പിടികൂടിയിട്ടുണ്ടെങ്കിലും ഇവയുടെ ഉടമസ്ഥരെക്കുറിച്ചോ ബന്ധപ്പടുന്ന ആളുകളെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിരുന്നില്ല. ലഭിച്ച ഫോണുകളിൽ ഒന്നിലും സിം കാർഡ് ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ വിളിച്ച കാളുകളുടെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് പരാതി ലഭിച്ചത്. ഇതിന് പുറമെ ഇയാൾ ബന്ധപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങളിലൂടെ ജയിലിനകത്തെ ലഹരിസംഘങ്ങളെ പൂട്ടാനാകുമെന്നാണ് പ്രതീക്ഷ. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തടവുകാർക്ക് തുണയാകുന്നത് ഉദ്യോഗസ്ഥ ക്ഷാമം

സുരക്ഷയും പരിശോധനയും ഊർജിതമാക്കണമെന്ന് നിർദ്ദേശം ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സെൻട്രൽ ജയിലിലെ സുരക്ഷയെ ബാധിക്കുന്നുവെന്നതാണ് സത്യം.ജയിലിൽ തടവുകാർ കൂടുന്ന സാഹചര്യത്തിലും ആനുപാതികമായ ഉദ്യോഗസ്ഥരില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.