
തളിപ്പറമ്പ് : ദിവസം നൂറ് റിസർവേഷനെങ്കിലും നടക്കാത്തവ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടി അധികൃതർ. കൗണ്ടറിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങൾ കടത്താനെത്തിയ ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നടപടി നിർത്തിവച്ച് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
നഗരസഭവൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ വി.രാഹുൽ, പ്രജീഷ് കൃഷ്ണ, വരുൺ, ഇർഷാദ് സൈദാരകത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്. പിന്നാലെ കെ.സുധാകരൻ എം.പി ഉൾപ്പെടെ ഇടപെട്ടതിനെ തുടർന്നാണ് നടപടി നിർത്തിയത്. ഇന്നലെ രാവിലെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആളുകൾ എത്തിയപ്പോഴാണ് ഇന്നുമുതൽ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നതല്ല എന്ന നോട്ടീസ് പതിച്ചതായി കണ്ടത്.
അംഗീകാരം പുതുക്കി നൽകാത്തതാണ് കൗണ്ടർ പൂട്ടാൻ കാരണമായതെന്നാണ് വിവരം. ഇന്നു മുതൽകൗണ്ടർ തുറക്കേണ്ടെന്ന് റെയിൽവേയുടെ പാലക്കാട് ഡിവിഷൻ അധികൃതർ അറിയിക്കുകയായിരുന്നു. കൗണ്ടറിന്റെ അംഗീകാരം പുതുക്കാൻ തഹസിൽദാർ ഒരുമാസം മുമ്പ് അപേക്ഷ നൽകിയിരുന്നു.
തളിപ്പറമ്പിൽ ദിവസേന നൂറ് ഫോമുകൾക്കുള്ള ആളുകൾ എത്തുന്നില്ലെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ. മിക്ക ആളുകളും മൊബൈൽ ആപ്ലിക്കേഷൻ വഴി തന്നെയാണ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. അതെ സമയം വന്ദേഭാരതിന്റെ ഓൺലൈൻ ബുക്കിംഗിൽ സങ്കീർണതകൾ ഒഴിവാക്കാൻ ആളുകൾ കൗണ്ടറിൽ എത്തുന്നുണ്ട്.