നീലേശ്വരം: നഗരസഭയിലെ തീരദേശ മേഖലയ്ക്ക് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കുന്നില്ലെന്ന് പരാതി. തോട്ടം ജംഗ്ഷൻ മുതൽ അഴിത്തല വരെയുള്ള റോഡ് അറ്റകുറ്റപ്പണി ചെയ്യാതെ വർഷങ്ങളായി. തോട്ടം ജംഗ്ഷൻ മുതൽ സ്റ്റോർ ജംഗ്ഷൻ വരെയുള്ള 3 കിലോമീറ്റർ റോഡ് മെക്കാഡം ടാർ ചെയ്യാൻ 3 കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. റോഡ് ഇപ്പോഴും പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമാണ്. മത്സ്യത്തൊഴിലാളികളടക്കമുള്ളവർക്ക് യാത്ര ചെയ്യേണ്ട റോഡാണിത്.
അതു പോലെ വിനോദസഞ്ചാര മേഖലയിൽ ഇടം പിടിച്ച അഴിത്തല ടൂറിസം മേഖല വിപുലപ്പെടുത്താൻ 5 കോടി രൂപ വകയിരുത്തിയിട്ട് വർഷം 5 കഴിഞ്ഞു. ആകെ അവിടെ പണിതത് ഒരു ശൗചാലയം മാത്രം. 5 ഏക്കറിലധികം വിസ്തീർണമുള്ള അഴിത്തലയിൽ നിത്യേന നിരവധി പേരാണ് വൈകുന്നേരങ്ങളിൽ എത്തുന്നത്. സഞ്ചാരികൾക്ക് ഇവിടെ ഒരു സൗകര്യവും ഒരുക്കാൻ ബന്ധപ്പെട്ടവർ മെനക്കെട്ടിട്ടില്ല. അഴിത്തല നിവാസികൾ ഇന്നും കുടിവെള്ളത്തെ ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്.
തൈക്കടപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
തകർന്നു കിടക്കുന്ന തീരദേശ മേഖലയിലെ റോഡ്