കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം തിടുക്കത്തിൽ നടത്തി വരികയാണ് അധികൃതരും മുന്നണികളും. അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയതോടെ ജില്ലയിൽ 21,14,668 വോട്ടർമാരാണുള്ളത്. 2305 പോളിംഗ് സ്റ്റേഷനുകളിലായാണ് ഇവർ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് 12,908 ഉദ്യോഗസ്ഥർമാരാണ് ഡ്യൂട്ടിക്കുണ്ടാവുക. ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിലായി 3227 ഫസ്റ്റ് പോളിംഗ് ഓഫീസർമാരാണ് വേണ്ടത്. ഇവർക്ക് പുറമെ 6454 പോളിംഗ് ഓഫീസർമാരും വേണം. അനുബന്ധ നടപടികൾക്കും മറ്റുമായാണ് ബാക്കി ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പ് ഉദ്യേഗസ്ഥരെ നിയമിക്കുന്നതിനുള്ള നിർദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംസ്ഥാന കോർപറേഷനുകൾ, ബോർഡുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, പി.എസ്‌.സി, എയ്ഡഡ് കോളേജുകൾ, സ്‌കൂളുകൾ, സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

ഉദ്യോഗസ്ഥരെ സത്യസന്ധമായി വിന്യസിക്കുന്നതിന് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറാണ് ഉപയോഗിക്കുക. അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അവരുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെ പേരുകൾ രജിസ്റ്രർ ചെയ്യും. പിന്നീട് സ്ഥാപന മേധാവികൾ അതാത് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും ഉൾപ്പെടുത്തണം. ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെങ്കിൽ മതിയായ രേഖകൾ തദ്ദേശ സെക്രട്ടറിക്ക് സമർപ്പിക്കുകയും വേണം. ഏഴ് വരെയാണ് ജില്ലയിൽ ഇതിനുള്ള സമയം. 11ന് മുന്നെ സെക്രട്ടറിമാർ ഇത് പരിശോധിച്ച് റിപ്പോർട്ട് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഏൽപ്പിക്കണം.

ഒരുക്കങ്ങൾ തിടുക്കത്തിൽ

സംസ്ഥാനത്ത് പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ രണ്ടാമതാണ് ജില്ല. 485 പ്രവാസി വോട്ടർമാരാണുള്ളത്. 1231 പ്രവാസി വോട്ടർമാരുള്ള കോഴിക്കോടാണ് ഒന്നാമത്. ജില്ലയിലെ പ്രവാസി വോട്ടർമാർ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ലീവെടുത്ത് നാട്ടിൽ എത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പ്രവാസി കൂട്ടായ്മകളും പറഞ്ഞു. മുന്നണികൾ കണ്ണൂർ നഗരത്തിലുൾപ്പെടെ ചുമരെഴുത്തുകൾക്കുള്ള സ്ഥലങ്ങൾ കണ്ടുവയ്ക്കുകയും സ്ളോട്ട് ബുക്ക് ചെയ്യാനും ആരംഭിച്ചു. പലയിടങ്ങളിലായി രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി. കോർപ്പറേഷന്റെ പരിധിയിൽ നഗരത്തിൽ സൗന്ദര്യ വത്കരണം നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നെ നടത്തി തീർക്കാനാണ് ഭരണകൂടം തിടുക്കം കൂട്ടുന്നത്. നാളുകളായി വിവാദത്തിലായിരുന്ന മൾട്ടി ലെവൽ പാർക്കിംഗും ഇന്നലെ ഉദ്ഘാടനം ചെയ്തു.